ഗുരുവായൂർ: മഞ്ഞപ്പിത്തം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി നഗരസഭ ആരോഗ്യവിഭാഗം കൂൾ ഡ്രിംഗ്‌സ് കടകളിൽ പരിശോധന നടത്തി. കിഴക്കേനടയിൽ നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്തെ കൃഷ്ണ ഫ്രൂട്ട്‌സ് ആൻഡ് കൂൾബാർ, പടിഞ്ഞാറെ നടയിലെ രവീന്ദ്ര ഫ്രൂട്‌സ് എന്നീ സ്ഥാപനങ്ങളിൽ നിന്നും ചീഞ്ഞതും പഴകിയതുമായ പഴവർഗങ്ങൾ പിടിച്ചെടുത്തു. പടിഞ്ഞാറെ നടയിലെ ഇന്ത്യൻ ഫ്രൂട്‌സ് എന്ന കടയിൽ നിന്നും പഴകിയ പഴങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഹെൽത്ത് സൂപ്പർവൈസർ കെ. മൂസക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്‌ക്വാഡാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഹോട്ടലുകൾ പരിശോധിച്ചും സംഘം പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തിരുന്നു. തുടർ ദിവസങ്ങളിലും പരിശോധന തുടരും. ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. താജുദ്ധീൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ. രാജീവൻ, എസ്. ബൈജു, കെ.എസ്. പ്രദീപ് എന്നിവർ സ്‌ക്വാഡ് അംഗങ്ങളായിരുന്നു. ഗുരുവായൂരിൽ മഞ്ഞപ്പിത്തംപോലുള്ള അസുഖങ്ങൾ ഉണ്ടാകാതിരിക്കുന്നതിനു കച്ചവടക്കാരും പൊതുജനങ്ങളും നഗരസഭയുടെയും ആരോഗ്യവകുപ്പിൻറെയും നിർദേശങ്ങൾ പാലിക്കണമെന്ന് നഗരസഭാ സെക്രട്ടറി പി.വി. ഷിബു അറിയിച്ചു.