തൃപ്രയാർ: ഭക്തജനങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ആരോപിച്ച് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്ര ക്ഷേമസമിതി രൂപീകരിച്ചതിനെതിരെ വ്യാപക പ്രതിഷേധം. വടക്കുന്നാഥൻ മോഡൽ, സമിതി പിടിച്ചെടുക്കാനുള്ള സി.പി.എം നീക്കമാണ് നടന്നതെന്നാണ് ആരോപണം. നിലവിലെ സമിതിയിലെ ഭൂരിഭാഗം പേരും ഇത്തവണയും കമ്മറ്റിയിലുണ്ട്.
എതാനും മാസം മുമ്പാണ് സമിതി രൂപീകരണത്തിനായി യോഗം വിളിച്ചത്. യോഗത്തിൽ പ്രധാനമായും ഉയർന്നുവന്ന പേരുകളിൽ ആരെയും ഉൾപ്പെടുത്തിയിട്ടില്ല. സമവായ ചർച്ച നടത്താതെ, തൃപ്രയാർ ദേവസ്വം മാനേജർ ഏകപക്ഷീയമായി സമിതി അംഗങ്ങളുടെ പേരുകൾ എഴുതി ബോർഡിന് സമർപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. പുതിയ സമിതിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെയും , പഞ്ചായത്തംഗത്തെയും, സംഘപരിവാറുകാരെയും ഉൾപ്പെടുത്തിയതായി കാണുന്നു. ആയിരത്തിലധികം പേരാണ് സമിതിയിൽ അംഗങ്ങളായിട്ടുള്ളത്. സി.പി.എം, സി.പി.ഐക്കാരാണ് കൂടുതലായി ഉൾപ്പെട്ടിട്ടുള്ളത്. സർക്കാർ സർവീസിലുള്ളവരും ഇടംപിടിച്ചു. ദേവസ്വം മാനേജർ നൽകിയ ലിസ്റ്റ് കൊച്ചിൻ ദേവസ്വം ബോർഡ് അംഗീകരിച്ചതായാണ് വിവരം. പ്രഖ്യാപനം അടുത്തദിവസം ഉണ്ടാവും. ഭക്തജനങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്താതെ അവിശ്വാസികളെ തള്ളിക്കയറ്റി ഏകപക്ഷീയമായി ക്ഷേത്ര ക്ഷേമസമിതി രൂപീകരിച്ചത് പ്രതിഷേധാർഹമാണെന്ന് ക്ഷേത്ര രക്ഷാസമിതി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സമിതി മുന്നറിയിപ്പ് നല്കി. പുതിയ സമിതി പ്രഖ്യാപനം കോടതിയലക്ഷ്യമാണെന്ന് സമിതി ഭാരവാഹികൾ കുറ്റപ്പെടുത്തി.