തൃശൂർ: സമൂഹത്തെയും ലോകത്തെയും പല ചിന്തകൾ ആളിക്കത്തിച്ച് വിഘടിപ്പിക്കുന്ന പ്രവണതകൾ ശക്തിയാർജിക്കുമ്പോൾ സമഗ്രതയിലും ഒന്നായി കാണാനുള്ള ആവേശം അനുവാചകർക്ക് പകർന്ന് നൽകിയ മഹാകവി വൈലോപ്പിള്ളി സമൂഹത്തിന്റെ തെറ്റായ സഞ്ചാരങ്ങൾക്കെതിരെ നിർഭയനായി തൂലിക ചലിപ്പിച്ചെന്ന് കേരള കലാണ്ഡലം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ പ്രസ്താവിച്ചു. വൈലോപ്പിള്ളി സ്മാരക സമിതിയുടെ വൈലോപ്പിള്ളി ജയന്തി പുരസ്‌കാര ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈലോപ്പിള്ളി സ്മാരക സമിതി അദ്ധ്യക്ഷൻ ഡോ. പി.വി. കൃഷ്ണൻ നായർ, പ്രൊഫ. കെ.പി. ശങ്കരന് മൂന്നാം വൈലോപ്പിള്ളി ജയന്തി പുരസ്‌കാരം സമർപ്പിച്ചു. വൈലോപ്പിള്ളി സ്മാരക സമിതി ട്രഷറർ ഡോ. ടി. ശ്രീകുമാർ കെ.പി. ശങ്കരനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഡോ. ടി.കെ. കലമോൾ പ്രശസ്തി പത്രം വായിച്ചു.
വൈലോപ്പിള്ളി രചിച്ച ശ്ലോകങ്ങൾ യതീന്ദ്രൻ ക്രോഡീകരിച്ച് സാഹിത്യ അക്കാഡമി പുറത്തിറക്കുന്ന പുസ്തകം ഡോ. എസ്.കെ. വസന്തന് നൽകി ഡോ. ടി.കെ.നാരായണൻ പ്രകാശനം ചെയ്തു. സാഹിത്യ അക്കാഡമി സെക്രട്ടറി കെ.പി. മോഹനൻ പ്രഭാഷണം നടത്തി. സ്മാരക സമിതി പ്രൊഫ. എം. ഹരിദാസ്, വൈസ് പ്രസിഡന്റ് ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ജോ. സെക്രട്ടറി ഡേവിഡ് കണ്ണനായിക്കൽ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി ശ്ലോക സദസ്സ് നടത്തി.