ഗുരുവായൂർ: വീട് വിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പൊലീസിന്റെ വാട്‌സ് ഗ്രൂപ്പ് കൂട്ടായ്മയുടെ സഹായത്തോടെ മണിക്കൂറുകൾക്കുള്ളിൽ ഗുരുവായൂർ പൊലീസ് ബന്ധുക്കളുടെ കൈയിൽ സുരക്ഷിതയായി ഏൽപിച്ചു. കോഴിക്കോട് പേരാമ്പ്ര മീനച്ചാലിൽ സരോജിനിയമ്മയുടെ മകൾ ഷീനയെയാണ് (39) ഗുരുവായൂർ ടെമ്പിൾ പൊലീസിന്റെ പരിശ്രമത്താൽ വീട്ടിലെത്തിക്കാനായത്. ബുധനാഴ്ച രാവിലെ തിരുവെങ്കിടം ഹൗസിംഗ് ബോർഡ് കോളനി പരിസരത്ത് ഒരു യുവതി കിടക്കുന്നുവെന്ന വിവരമാണ് പൊലീസിന് ആദ്യം ലഭിച്ചത്.
വനിത പൊലീസ് പ്രിയ യുവതിയോട് സംസാരിച്ചപ്പോൾ ഷീന എന്ന പേരുമാത്രം അവ്യക്തമായി പറഞ്ഞു. കുറെക്കഴിഞ്ഞപ്പോൾ കോഴിക്കോടാണ് സ്ഥലമെന്നും അറിയിച്ചു. അപ്പോഴും അവർ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. സ്റ്റേഷൻ ജി.ഡി ചുമതലയുള്ള സീനിയർ സിവിൽ പൊലീസ് പ്രേംജിത്ത് യുവതിയുടെ ചിത്രം ഉച്ചയോടെ കോഴിക്കോട് ജില്ലയിലെ പൊലീസുകാരുടെ വാട്‌സ് ഗ്രൂപ്പിൽ ഇട്ടു. യുവതിയുടെ വീട് കണ്ടുപിടിക്കാനുള്ള കൂട്ടായ പരിശ്രമത്തിന് വൈകിട്ട് നാലോടെ ഫലം കണ്ടു. പേരാമ്പ്രയിലുള്ള സരോജിനിയമ്മയുടെ മകൾ ഷീനയാണെന്ന് അപ്പോഴാണ് പൊലീസിന് ഉറപ്പാക്കാനായത്. പക്ഷേ, കാണാതായെന്നതിന് കോഴിക്കോടുള്ള ഒരു സ്റ്റേഷനുകളിലും പരാതിയുണ്ടായിരുന്നില്ല എന്നത് പൊലീസിനെ ആദ്യം കുഴക്കി. ഇന്നലെ രാത്രി ബന്ധുക്കളെത്തി ഷീനയെ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോയി.