remya-haridas

തൃശൂർ:ഇടത്കോട്ടയായ ആലത്തൂരിൽ കോൺഗ്രസ് പുതുമുഖമായി അവതരിപ്പിച്ച രമ്യ ഹരിദാസ് (33) എതിരാളികളുടെ നിശിതമായ ആക്ഷേപങ്ങളെയും ആക്രമണങ്ങളെയും അതിജീവിച്ച് സിറ്റിംഗ് എം.പിയുടെ ഭൂരിപക്ഷത്തിന്റെ നാലിരട്ടിയിലേറെ നേടി റെക്കാഡ് വിജയമാണ് വെട്ടിപ്പിടിച്ചത്. 1.58 ലക്ഷത്തിലേറെയാണ് ഭൂരിപക്ഷം. ഒപ്പം കേരളത്തിലെ രണ്ടാമത്തെ വനിതാ ദളിത് എം.പിയെന്ന പദവിയും. കഴിഞ്ഞ തവണ ഡോ. പി.കെ ബിജുവിന്റെ ഭൂരിപക്ഷം 37,312 വോട്ടായിരുന്നു.

ചന്ദനക്കുറിയും നിഷ്‌കളങ്കമായ പുഞ്ചിരിയും നാടൻ പാട്ടുകളുമായി ആലത്തൂരിന്റെ മനസ് കീഴടക്കുകയായിരുന്നു രമ്യ. പിന്നാലെ വിവാദങ്ങളും സൈബർ ആക്രമണങ്ങളും. പി.കെ. കുഞ്ഞാലിക്കുട്ടിയെ രമ്യ ഹരിദാസ് സന്ദർശിച്ചതിനെ ചൊല്ലിയുള്ള എൽ.ഡി.എഫ് കൺവീനർ വിജയരാഘവന്റെ മോശം പരാമർശം ആളിക്കത്തി. രമ്യ പരാതി നൽകി. പാട്ട് പാടി പ്രചാരണം നടത്തുന്നതിനെ ഇടത് അനുഭാവിയായ ദീപാ നിശാന്ത് പരിഹസിച്ചു. പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടയിൽ കല്ലേറിൽ രമ്യയ്‌ക്ക്പരിക്കേറ്റു.

ആദ്യാവസാനം രമ്യ

വോട്ടെണ്ണലിന്റെ ആദ്യനിമിഷം മുതൽ അവസാനം വരെ രമ്യയായിരുന്നു മുന്നിൽ. തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ, കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം. ഇവിടങ്ങളിലെല്ലാം കഴിഞ്ഞ തവണ കോൺഗ്രസ് ഏറെ പിന്നിലായിരുന്നു. ഇടത് കോട്ടയായ ആലത്തൂർ നിയമസഭാ മണ്ഡലത്തിൽ 23,000 ഓളം വോട്ടിന്റെ ഭൂരിപക്ഷം രമ്യ നേടിയത്. കുന്നംകുളത്താണ് ഭൂരിപക്ഷം കുറവ് -14, 322.

ആലത്തൂർ മണ്ഡലം രൂപീകൃതമാകുന്നതിന് മുമ്പ് ഒറ്റപ്പാലമായിരുന്ന മണ്ഡലം 1993 മുതൽ ഇടത്കോട്ടയായിരുന്നു. രണ്ടര പതിറ്റാണ്ട് നീണ്ട ഇടത് ആധിപത്യമാണ് രമ്യ തകർത്തത്.

ഭാർഗവി തങ്കപ്പന് ശേഷം

1971ൽ അടൂർ മണ്ഡലത്തിൽ നിന്ന് 29ാം വയസിൽ ലോക്‌സഭയിലെത്തിയ സി.പി.ഐയുടെ ഭാർഗവി തങ്കപ്പനാണ് കേരളത്തിലെ ആദ്യ ദളിത് വനിതാ എം.പി. അഞ്ച് പതിറ്റാണ്ടെത്തുമ്പോഴാണ് ആലത്തൂരിൽ നിന്ന് രമ്യ ആ സ്ഥാനത്തേക്ക് വരുന്നത്. ദീർഘകാലം നിയമസഭാംഗവും ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാർഗവി തങ്കപ്പൻ. ഇപ്പോൾ സി.പി.ഐ ജില്ലാ കമ്മിറ്റി അംഗമാണെന്നും പാർട്ടിയിൽ സജീവമാണെന്നും ഭാർഗവി തങ്കപ്പൻ കേരളകൗമുദിയോട് പറഞ്ഞു.