കോഴിക്കോട് കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ പി.പി ഹരിദാസിന്റെയും മഹിളാ കോൺഗ്രസ് നേതാവായിരുന്ന രാധയുടെയും മകൾ. ജവഹർ ബാലജന വേദിയിലൂടെ പൊതുരംഗത്ത്.
ദേശീയ തലത്തിൽ രാഹുൽ ഗാന്ധി നടത്തിയ ടാലന്റ് ഹണ്ടിൽ, ആറ് വർഷങ്ങൾക്ക് മുമ്പ് രാഷ്ട്രീയത്തിൽ. രാഹുലിന്റെ തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ യൂത്ത് കോൺഗ്രസിന്റെ പാർലമെന്റ് സെക്രട്ടറി രംഗത്തേക്ക് മത്സരിച്ചു. യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യ കമ്മിറ്റിയുടെ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളിയായി.
2014ൽ തിരഞ്ഞെടുപ്പ് കാലത്ത് രമ്യ രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് പരസ്യത്തിലും പ്രത്യക്ഷപ്പെട്ടു. 'രാഹുൽ ഗാന്ധി നയിക്കുന്ന ഓരോ കരങ്ങൾക്കും ശക്തി, ഓരോ കരങ്ങൾക്കും പുരോഗതി' എന്ന പരസ്യത്തിലായിരുന്നു സംഗീത വിദ്യാർത്ഥിനിയായിരുന്ന രമ്യ ഒരു ഭാഗം ചെയ്തു. കേരളത്തിൽ നിന്ന് തെരഞ്ഞെടുത്ത 16 പേരിൽ നിന്ന് ഡൽഹിയിൽ നടത്തിയ സ്‌ക്രീനിംഗിലെ എട്ട് പേരിൽ ഉൾപ്പെട്ടു.
മാവൂർ ഹൈസ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി കഴിഞ്ഞ് നൃത്തവും സംഗീതവും പഠിച്ചു. ജില്ലാ, സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ നൃത്ത, സംഗീത ഇനങ്ങളിൽ സമ്മാനം നേടി. നൃത്താദ്ധ്യാപികയായി. കെ.എസ്.യു പെരുവയൽ മണ്ഡലം സെക്രട്ടറി, യൂത്ത് കോൺഗ്രസ് പെരുവയൽ മണ്ഡലം സെക്രട്ടറി, കുന്ദമംഗലം നിയോജമണ്ഡലം ജനറൽ സെക്രട്ടറി എന്നിങ്ങനെ പദവികൾ.
യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോ ഓർഡിനേറ്റർ, സംസ്‌കാര സാഹിതി വൈസ് ചെയർമാൻ, ജവഹർ ബാലജനവേദി ജില്ലാ കോ ഓർഡിനേറ്റർ എന്നിങ്ങനെ പദവികൾ. ഗാന്ധിയൻ സംഘടനയായ പി.എൻ പണിക്കർ രൂപീകരിച്ച കാൻഫെഡ് ഭാരവാഹി, സർവോദയമണ്ഡലം, സാമൂഹിക സേവന സംഘടനയായ 'സവാർഡ്' എന്നിവയുടെ പ്രവർത്തകയായി. കുന്ദമംഗലം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഈയിടെ ഒഴിഞ്ഞു.
ഗാന്ധിയൻ സംഘടനയായ ഏകതാ പരിഷത്തിന്റെ മുഖ്യപ്രവർത്തകരിൽ ഒരാൾ. ഏകതാപരിഷത്ത് നടത്തിയ ആദിവാസി ദളിത് സമരങ്ങളിൽ സജീവം. അഖിലേന്ത്യാ സർവസേവാ സംഘത്തിലൂടെ ഇന്ത്യയിലെ ഗാന്ധിയൻ സ്ഥാപനങ്ങൾ സന്ദർശിച്ചു. ജപ്പാനിൽ നടന്ന ലോകയുവജന സമ്മേളത്തിൽ പങ്കെടുത്തു. ഇന്ദിരാ ആവാസ് യോജനയിലൂടെ ലഭിച്ച തുക ഉപയോഗിച്ച് ഈയിടെയാണ് വീട് സ്വന്തമാക്കിയത്. അവിവാഹിത.