തൃശൂർ: ജില്ലയിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടി. ജില്ലയിൽ ഉൾപ്പെടുന്ന മൂന്ന് സിറ്റിംഗ് സീറ്റുകളും നഷ്ടപ്പെട്ട എൽ.ഡി.എഫിന് വൻ വോട്ടു ചോർച്ചയാണ് ഉണ്ടായിട്ടുള്ളത്. ജില്ലയിൽ ഉൾപ്പെടുന്ന 13 നിയമസഭാ മണ്ഡലങ്ങളിൽ 12ലും പ്രതിനിദാനം ചെയ്യുന്നതും എൽ.ഡി.എഫ് പ്രതിനിധികളാണ്. വടക്കാഞ്ചേരി മാത്രമാണ് നേരിയ ഭൂരിപക്ഷത്തിന് യു.ഡി.എഫിന് ലഭിച്ചത്. കൂടാതെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മൂന്നു മന്ത്രിമാർ ഉണ്ടായിട്ടും ഉണ്ടായ കനത്ത പരാജയം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
തോൽവിയിൽ ഏറ്റവും കനത്ത തോൽവി ആലത്തൂരിലേതായി മാറി. ഒരു ലക്ഷത്തിൽ അറുപതിനായിരത്തിൽപരം വോട്ടുകൾക്കാണ് യു.ഡി.എഫിലെ രമ്യ ഹരിദാസ് വിജയിച്ചത്. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന വിലയിരുത്തലും ഉണ്ടായിട്ടുണ്ട്. ആലത്തൂരിൽ പി.കെ. ബിജുവിനെതിരെ പ്രാദേശികമായ വികാരം ശക്തമായിരുന്നു. എം.പി എന്ന നിലയിൽ മണ്ഡലത്തിൽ സാന്നിദ്ധ്യമുണ്ടായിരുന്നില്ല എന്ന പൊതുവേ അഭിപ്രായം ഉണ്ടായിട്ടും ബിജുവിനെ തന്നെ സ്ഥാനാർത്ഥിയാക്കിയതിൽ അണികൾക്കിടയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.ആലത്തൂരിൽ മൂന്നാം വട്ടമാണ് പി.കെ. ബിജു ജനവിധി തേടിയത്. രമ്യ വിജയിക്കുമെന്ന പ്രതീതി മണ്ഡലത്തിലൂടനീളം പ്രചരിപ്പിക്കാൻ യു.ഡി.എഫിന് സാധിച്ചു. മണ്ഡല രൂപീകരണത്തിന് ശേഷം ഇതുവരെയും ഇവിടെ എൽ.ഡി.എഫ് പരാജയപ്പെട്ടിട്ടില്ല.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് വിജയിച്ച മണ്ഡലമാണ് ഇത്തവണ നഷ്ടപ്പെട്ടത്. സംസ്ഥാനത്ത് തന്നെ എൽ.ഡി.എഫിന് ഏറ്റവും സുരക്ഷിത മണ്ഡലമെന്ന് വിലയിരുത്തപ്പെട്ടതായിരുന്നു ആലത്തൂർ.
തൃശൂരിലും സ്ഥിതി വിത്യസ്തമായിരുന്നില്ല. സിറ്റിംഗ് എം.പി സി.എൻ. ജയദേവനെ മാറ്റി രാജാജി മാത്യു തോമസിനെ കൊണ്ട് വന്നതും അസ്വസ്ഥതകൾ പടർത്തിയിരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ പരസ്യമായി തന്നെ തന്റെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ 38,227 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എൽ.ഡി.എഫ് വിജയിച്ചതെങ്കിലും ഇത്തവണ അത് മറി കടന്ന 93533 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യു.ഡി.എഫ് സീറ്റ് തിരിച്ചു പിടിക്കുകയായിരുന്നു. ബി.ജെ.പിയുടെ ശക്തമായ സാന്നിദ്ധ്യം ഏറ്റവും തിരിച്ചടിയായതും എൽ.ഡി.എഫിന് തന്നെയായിരുന്നു.
ചാലക്കുടിയിൽ ഇന്നസെന്റിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് പാർട്ടി പ്രദേശിക ഘടകം പ്രമേയം വരെ പാസാക്കിയിട്ടും സംസ്ഥാന നേതൃത്വം ഇന്നസെന്റിനെ തന്നെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. കഴിഞ്ഞ തവണ സ്വതന്ത്രനായിട്ടാണ് മത്സരിച്ചതെങ്കിൽ ഇത്തവണ പാർട്ടി ചിഹ്നത്തിലായിട്ട് കൂടി കനത്ത പരാജയം ഏറ്റുവാങ്ങുകയായിരുന്നു. എം.പിയായപ്പോൾ സി.പി.എം നേതാക്കൾ വിളിച്ചാൽ പോലും ഫോണടുത്തിരുന്നില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. ജില്ലയിൽ നേരിട്ട തിരിച്ചടി മുന്നണികൾക്കിടയിൽ വരും ദിവസങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് ഇടയാക്കിയേക്കും.