തൃശൂർ : കെ. മുരളീധരൻ വടകരയിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചതോടെ ഒഴിവ്‌ വരുന്ന വട്ടിയൂർക്കാവ് നിയമസഭാ സീറ്റിൽ നിന്നും കോൺഗ്രസ് നേതാവും കെ. മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാൽ മത്സരിച്ചേക്കും. മത്സരത്തിന് തയ്യാറാകാൻ കോൺഗ്രസ് നേതൃത്വം പത്മജയോട് നിർദ്ദേശിച്ചതായി അടുത്ത കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. വട്ടിയൂർക്കാവ് നിലനിറുത്തുക കോൺഗ്രസിന്റെയും കെ. മുരളീധരന്റെയും അഭിമാനപ്രശ്നം കൂടിയാണ്. ഈ സാഹചര്യത്തിൽ മുരളീധരന് ഇപ്പോഴുള്ള ജനപ്രീതി വോട്ടാക്കി മാറ്റാൻ പത്മജയെ മത്സരിപ്പിക്കുന്നത് ഉചിതമാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ലീഡർ കെ. കരുണാകരന് വ്യക്തിപരമായി ഏറെ അടുപ്പമുള്ള സ്ഥലമാണ് ഇതെന്നും പ്രധാന ഘടകമാണ്. രണ്ടുതവണ കെ. മുരളീധരൻ വിജയിച്ച മണ്ഡലം എന്നതും പത്മജയ്ക്ക് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.