മൂന്ന് മന്ത്രിമാരുടെ മണ്ഡലത്തിലും തിരിച്ചടി

തൃശൂർ: ആലത്തൂരിന്റെ ആലയിൽ വൻഭൂരിപക്ഷത്തിന്റെ പൊന്നുകാച്ചുകയായിരുന്നു രമ്യ ഹരിദാസ്. മണിക്കൂറുകൾ പിന്നിടുമ്പോൾ ഭൂരിപക്ഷത്തിന്റെ പോക്കുകണ്ട് ഇടത് മുന്നണി പ്രവർത്തകർ തന്നെ തലയിൽ കൈവച്ചു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ ഇടത് തരംഗം എങ്ങനെ തകിടം മറിഞ്ഞുവെന്ന് അറിയാതെ അന്തം വിടുകയാണ് ഇടതുമുന്നണി. നെന്മാറയിൽ 30,221 വോട്ടുകളുടെ ഭൂരിപക്ഷമാണ് രമ്യയ്ക്ക് ലഭിച്ചത്. കഴിഞ്ഞ തവണ ബിജുവിന് കിട്ടിയത് 4915 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. കുന്നംകുളത്താണ് രമ്യയ്ക്ക് ഭൂരിപക്ഷം കുറഞ്ഞത്, 14,322. എന്നാൽ മന്ത്രി എ.സി. മൊയ്തീന്റെ മണ്ഡലത്തിലായിരുന്നു ഈ തിരിച്ചടി.

മന്ത്രിമാരായ എ.കെ.ബാലന്റെ മണ്ഡലമായ തരൂരിലും, കെ. കൃഷ്ണൻകുട്ടിയുടെ മണ്ഡലമായ ചിറ്റൂരിലും എൽ.ഡി.എഫ് തകർന്നു. ആലത്തൂർ മണ്ഡലത്തിൽ 36,060 വോട്ടുകളുടെ വൻ ഭൂരിപക്ഷമായിരുന്നു കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും മോശമില്ലായിരുന്നു, 10,521. എന്നാൽ ആലത്തൂർ മണ്ഡലത്തിൽ ഇത്തവണ രമ്യയുടെ ഭൂരിപക്ഷം, 22,713 ആയി. പി.കെ. ബിജു അനായാസം ജയിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് സി.പി.എം മത്സരിക്കാനിറങ്ങിയത്.

2009 ൽ 20,960 വോട്ടായിരുന്നു ബിജുവിന്റെ ഭൂരിപക്ഷം. 2014ലെ ഭൂരിപക്ഷം 37,312. ഇത്തവണ രമ്യ ബിജുവിനെ വീഴ്ത്തിയത് ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിന് കീഴിലുള്ള വടക്കാഞ്ചേരി ഒഴികെയുള്ള ആറ് നിയമസഭാ മണ്ഡലങ്ങളും ഇടതുമുന്നണിക്കൊപ്പം നിന്നിരുന്നു. വടക്കാഞ്ചേരിയിൽ 43 വോട്ടിന് വിജയം കൈപ്പിടിയിലൊതുക്കിയ അനിൽ അക്കര മാത്രമാണ് യു.ഡി.എഫ് നിരയിൽ വിജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി യു.ഡി.എഫിനെക്കാൾ 91,760 വോട്ടുകൾ കൂടുതൽ നേടിയിരുന്നു.

ബി.ജെപിക്ക് ശക്തമായ അടിത്തറയില്ലാത്ത ആലത്തൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ഡി.ജെ.എസിലെ ടി.വി ബാബു 89,837 നേടി. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ചെറിയ തോതിൽ വോട്ടുവിഹിതം വർദ്ധിപ്പിക്കാൻ എൻ.ഡി.എ ക്യാമ്പിനും സാധിച്ചു.

നിയമസഭാ മണ്ഡലങ്ങളിൽ രമ്യയുടെ ഭൂരിപക്ഷം

( 2014 ൽ ബിജുവിന്റെ ഭൂരിപക്ഷം ബ്രാക്കറ്റിൽ)

തരൂർ: 24,839 (4947)

ചിറ്റൂർ : 23,839 (6497)

നെന്മാറ: 30,221 (4915)

ആലത്തൂർ : 22,713 (10,521)

ചേലക്കര : 23,695 (3958)

കുന്നംകുളം: 14,322 (3817)

വടക്കാഞ്ചേരി: 19,540 (2663)

2014 ലെ വോട്ടുനില :

പി.കെ. ബിജു (സി.പി.എം): 4,11, 808

ഇ.കെ. ഷീബ (കോൺഗ്രസ്): 3,74, 496

ഷാജുമോൻ വട്ടേക്കാട് (ബി.ജെ.പി): 87,803

പി.കെ. ബിജുവിന്റെ ഭൂരിപക്ഷം: 37,312