തൃശൂർ: ടീച്ചറേ, രമ്യ പാട്ടുംപാടി തന്നെ ജയിച്ചൂട്ടാ...എന്നാണ് രമ്യഹരിദാസിന്റെ ജയത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിലെ കമന്റുകൾ. സൈബർ ലോകം ഇത്തരം കമന്റുകളുമായി പാഞ്ഞത് ദീപാ നിശാന്തിന്റെ ഫേസ് ബുക്ക് പേജിലേക്കായിരുന്നു. സി.പി.എം കടുത്ത തോൽവിയിലേക്ക് വീണപ്പോൾ ട്രോളുന്നവരെ കുറ്റം പറഞ്ഞ് പോസ്റ്റിട്ടിരിക്കുകയായിരുന്നു കോളേജ് അദ്ധ്യാപികയായ ദീപാ നിശാന്ത്. 'അമേഠിയിലെ രാഹുലിന്റെ തോൽവി, ഇന്ത്യയിൽ എൻ.ഡി.എയുടെ മൃഗീയ ഭൂരിപക്ഷം, തൃശൂരും പത്തനംതിട്ടേം ഒന്നും സു സു മാർക്ക് കൊടുക്കാതെ കേരളത്തിൽ നിന്നും വേരോടെ പറിച്ചെറിഞ്ഞ താമര. ട്രോളണോരും ആഹ്ലാദക്കമ്മിറ്റിക്കാരും ഈ വിഷയൊന്നും ടച്ച് ചെയ്യാത്തതെന്താവോ? ഇനീപ്പോ ഞാൻ കാണാത്തതാവോ?' ദീപയുടെ കമന്റ് ഇങ്ങനെ.

എന്നാൽ രമ്യയുടെ റെക്കാഡ് വിജയത്തെ കുറിച്ചുള്ള ചോദ്യത്തിന് മൗനമായിരുന്നു ദീപയുടെ മറുപടി. ഇടയ്ക്ക് നിങ്ങൾ അമേഠിയെ പറ്റി സംസാരിക്കൂ എന്ന് മാത്രമായിരുന്നു ദീപയുടെ പോസ്റ്റ്. രമ്യയുടെ വിജയത്തിന് പിന്നിൽ ദീപാ നിശാന്തിന്റെ വലിയ പങ്കിന് പേജിലെത്തി നന്ദി അറിയിക്കുകയാണ് കോൺഗ്രസിന്റെ പ്രവർത്തകരും ദീപയുടെ ആരാധകരും. രമ്യ പാട്ടുംപാടി പ്രചാരണം നടത്തിയതിനെ ഇടത് അനുഭാവി ദീപനിശാന്ത് പരിഹസിച്ചത് വിവാദമായിരുന്നു...