തൃശൂർ: മന്ത്രിമാരുടെ മണ്ഡലങ്ങളിലും തിരിച്ചടി. തൃശൂരിൽ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തായി. ജില്ലയിലെ എൽ.ഡി.എഫ് മന്ത്രിമാരായ ഏ.സി.മൊയ്തീൻ, സി.രവീന്ദ്രനാഥ്,വി.എസ്.സുനിൽകുമാർ എന്നിവരുടെ മണ്ഡലങ്ങളായ കുന്നംകുളം, പുതുക്കാട്, തൃശൂർ മണ്ഡലങ്ങളിലാണ് തിരിച്ചടി നേരിട്ടത്. ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെട്ട കുന്നംകുളത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യഹരിദാസിന് 69908 വോട്ടുകൾ ലഭിച്ചെങ്കിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ബിജുവിന് 55,586 വോട്ടാണ് ലഭിച്ചത്. മന്ത്രി ഏ.സി.മൊയ്തിന്റെ തെക്കുംകര പഞ്ചായത്തിലെ ബൂത്തിൽ എൽ.ഡി.എഫ് 200 വോട്ടിന് പിറകിലായി. സി.പി.ഐ മന്ത്രിയായ വി.എസ്.സുനിൽകുമാർ പ്രതിനിധാനം ചെയ്യുന്ന തൃശൂരിലാണ് തിരിച്ചടി കടുപ്പമായത്. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായി. ഇവിടെ ടി.എൻ. പ്രതാപൻ 55,668 എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി 37,641 വോട്ട് നേടി രണ്ടാം സ്ഥാനത്തായി. എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന് ലഭിച്ചത് 31110 വോട്ട് മാത്രമാണ് ലഭിച്ചത്. മൂന്നാമത്തെ മന്ത്രിയായ പുതുക്കാട് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച സി.രവീന്ദ്രനാഥിന്റെ മണ്ഡലത്തിൽ പ്രതാപൻ 56848 വോട്ടുകൾ നേടിയപ്പോൾ രാജാജിക്ക് 51006 വോട്ടാണ് ലഭിച്ചത്. സുരേഷ് ഗോപി 46410 വോട്ട് നേടി കരുത്ത് തെളിയിച്ചു.