tv-prathapan

തൃശൂർ: തൃശൂരിൽ സുരേഷ് ഗോപിയുടെ വരവോടെയുണ്ടായ ഓളം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിലൂടെ മറികടന്ന് ടി.എൻ.പ്രതാപന് മണ്ഡലത്തിലെ തന്നെ റെക്കാഡ് ഭൂരിപക്ഷം. ഹൈന്ദവ വോട്ടുകളിലെ ചോർച്ച വ്യക്തിപ്രഭാവത്തിലൂടെ തടഞ്ഞ് പ്രതാപൻ നേടിയത് 93,633 വോട്ടിന്റെ ഭൂരിപക്ഷമാണ്. 1984ൽ കോൺഗ്രസിലെ പി.എ.ആന്റണി നേടിയ 51,290 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതാപൻ മറികടന്നത്. ആകെ 4,15,089 വോട്ടാണ് പ്രതാപൻ നേടിയത്.

ഒല്ലൂർ, ഇരിങ്ങാലക്കുട, തൃശൂർ, ഗുരുവായൂർ എന്നീ ന്യൂനപക്ഷ കേന്ദ്രീകൃത നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകളുടെ ഏകീകരണം ടി.എൻ. പ്രതാപനെ തുണച്ചു. കഴിഞ്ഞതവണത്തേക്കാൾ 41,000 വോട്ട് ഈ മണ്ഡലങ്ങളിൽ പ്രതാപന് അധികം നേടാനായി. മുസ്ളീം തീരദേശ വോട്ടുകൾ നിർണായകമായ ഗുരുവായൂർ മണ്ഡലത്തിൽ നിന്നു മാത്രം 21,000 ഭൂരിപക്ഷമാണ് പ്രതാപന് ലഭിച്ചത്.
കഴിഞ്ഞ തവണ സ്ഥാനാർത്ഥി വച്ചുമാറ്റത്തോടെ യു.ഡി.എഫിന് നഷ്ടമായ മണ്ഡലമാണ് ഇത്തവണ പ്രതാപനിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചത്. തൃശൂർ ലോക്‌സഭാ മണ്ഡലം ഉൾക്കൊള്ളുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഒന്നാം സ്ഥാനത്താണ് പ്രതാപൻ. സി.പി.ഐയുടെ ശക്തികേന്ദ്രമായ നാട്ടികയിലും മണലൂരിലും ഇടത് സ്ഥാനാർത്ഥി സി.പിഐയിലെ രാജാജി മാത്യു തോമസ് രണ്ടാം സ്ഥാനത്തായി.
പോസ്റ്റൽ വോട്ടിൽ മാത്രമാണ് രാജാജി മാത്യുതോമസ് മുന്നിട്ടു നിന്നത്.