എരുമപ്പെട്ടി: എരുമപ്പെട്ടി കുട്ടഞ്ചേരിയിൽ സി.പി.എം - ബി.ജെ.പി സംഘട്ടനം. ബുധനാഴ്ച രാത്രിയിൽ നടന്ന സംഘട്ടനത്തിൽ ആറ് പേർക്ക് പരുക്കേറ്റു. കത്തിക്കുത്തിലും മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിലും ഇരു വിഭാഗത്തിലും പെട്ട രണ്ടുപേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
സി.പി.എം പ്രവർത്തകരായ കൊണ്ടത്തൊടി സുധീഷ്, കാങ്കലാത്ത് ഉണ്ണികുട്ടൻ, കൊണ്ടേത്ത് വളപ്പിൽ രാകേഷ്, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജേഷ്കുമാർ, പ്രവർത്തകരായ സുധീഷ് പാക്കിയിൽ, അഖിൽ നടുവിൽ പുരയ്ക്കൽ എന്നിവർക്കാണ് പരിക്ക്. ബുധനാഴ്ച രാത്രി 11 മണിയോടെ കുട്ടഞ്ചേരി സെന്ററിലാണ് സംഘട്ടനമുണ്ടായത്. ഇരു പാർട്ടികളിലേയും വ്യക്തികൾ തമ്മിൽ മുൻപ് നടന്ന വാക്ക് തർക്കം പിന്നീട് സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. സി.പി.എം പ്രവർത്തകൻ സുധീഷ് കൊണ്ടത്തൊടി, ബി.ജെ.പി പ്രവർത്തകൻ അഖിൽ നടുവിൽപുരയ്ക്കൽ എന്നിവർക്കാണ് കത്തി കുത്തേറ്റത്. സാരമായി പരിക്കേറ്റവരെ കുന്നംകുളം, വടക്കാഞ്ചേരി താലൂക്ക് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എരുമപ്പെട്ടി പൊലീസ് സ്റ്റേഷൻ ഓഫീസർ വിപിൻ ഗോപിനാഥ്, എസ്.ഐ. റിൻസൺ തോമാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.