ചാലക്കുടി: ചാലക്കുടിയിൽ നിന്ന് ചരിത്ര വിജയവുമായി ബെന്നി ബെഹന്നാൻ. ചാലക്കുടി ലോക്‌സഭാ മണ്ഡലം രൂപീകൃതമായ ശേഷം ഉയർന്ന ഭൂരിപക്ഷമാണ് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാനെ കാത്തിരുന്നത്. 1,32,274 വോട്ട്. മുകുന്ദപുരം മണ്ഡലം ചാലക്കുടിയായി രൂപമാറ്റം സംഭവിച്ച 2009ലെ ആദ്യ തിരഞ്ഞെടുപ്പിൽ 60,000 വോട്ടുകൾക്ക് കെ.പി. ധനപാലനാണ് സി.പി.എമ്മിലെ യു.പി. ജോസഫിനെ തോൽപ്പിച്ചത്.
മുൻതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ഇന്നസെന്റ് 13,000 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് കടന്നുകൂടിയത്. ഇപ്പോഴത്തെ യു.ഡി.എഫിന്റെ നേട്ടം കോൺഗ്രസിനെ പോലും ഞെട്ടിക്കുന്ന വിധത്തിലായി. മുകുന്ദപുരം മണ്ഡലത്തിന്റെ അവസാന തിരഞ്ഞെടുപ്പിൽ 1,17,000 വോട്ടിന്റെ ഭൂരിപക്ഷത്തെപ്പോലും മറികടക്കുന്നതായി ബെന്നി ബഹന്നാന്റെ വിജയം.
അമ്പരപ്പിച്ച് ചാലക്കുടി നിയോജക മണ്ഡലം
യു.ഡി.എഫിലെ ബെന്നി ബെഹന്നാന്റെ 1,32,274 ഭൂരിപക്ഷ വിജയത്തിൽ ചാലക്കുടി അസംബ്ലി നിയോജക മണ്ഡലത്തിന്റെ സംഭാവന 22,500. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ബി.ഡി ദേവസിക്ക് ലഭിച്ച ഭൂരിപക്ഷത്തിന് ഒപ്പമായില്ലെങ്കിലും ഇതൊരു അട്ടിമറി നേട്ടമായി. അതിരപ്പിള്ളി ഒഴികെ എല്ലാ പഞ്ചായത്തുകളിലും ചാലക്കുടി നഗസഭയിലും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഭൂരിപക്ഷമുണ്ടാക്കാനായി. ചാലക്കുടി നഗരസഭയിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം ക്രമാതീതമായി വർദ്ധിച്ചു. 8,500 ഓളം വോട്ടുകളാണ് ഇവിടെ അധികമായി ലഭിച്ചത്. അസംബ്ലി തിരഞ്ഞെടുപ്പിൽ ബി.ഡി. ദേവസിയുടെ ഭൂരിപക്ഷം ഇവിടെ 5,000 ആയിരുന്നു.
പഞ്ചായത്തുകളും എൽ.ഡി.എഫിനെ കൈവിട്ടു
അതിരപ്പിള്ളിയൊഴികെ എല്ലാ പഞ്ചായത്തുകളും എൽ.ഡി.എഫിനെ തഴഞ്ഞു. എക്കാലത്തും എൽ.ഡി.എഫിനൊപ്പം നിന്ന കൊടകര പഞ്ചായത്തിലും നേരിയ ലീഡ് ബെന്നി ബെഹന്നാനായി. അഞ്ഞൂറിൽ അധികമായിരുന്നു ഭൂരിപക്ഷം. എൽ.ഡി.എഫിന്റെ കോട്ടയായ കോടശേരിയിലും 2,500 വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചു. പരിയാരത്ത് മൂവായിരവും മേലൂരിൽ രണ്ടായിരത്തി അഞ്ഞൂറും, കൊരട്ടിയിൽ മൂവായിരവുമാണ് ബെന്നി ബെഹന്നാന്റെ അധിക വോട്ട്. കാടുകുറ്റിയിൽ നാലായിരം വോട്ടുകൾ അധികം നേടി. അതിരപ്പിള്ളി പഞ്ചായത്തിൽ മൂന്ന് വോട്ടുകൾ മാത്രമാണ് ഇന്നസെന്റിന്റെ ഭൂരിപക്ഷം. യു.ഡി.എഫിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മണ്ഡത്തിലെ വിവിധയിടങ്ങളിൽ പ്രകടനം നടന്നു. താളമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു ചാലക്കുടി നഗരത്തിലെ ആഹ്ലാദം. പാർട്ടി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം മാർക്കറ്റ്, നോർത്ത് ജംഗ്ഷൻ, ആനമല ജംഗ്ഷൻ, പഴയ ദേശീയ പാത എന്നിവ കൂടി സൗത്ത് ജംഗ്ഷനിൽ സമാപിച്ചു. യു.ഡി.എഫ് കൺവീനർ അഡ്വ. സി.ജി. ബാലചന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി ജോർജ്ജ്. നഗരസഭ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.