മാള: കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫിനും എൻ.ഡി.എയ്ക്കും വൻമുന്നേറ്റം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അവിശ്വസനീയമായ വളർച്ചയാണ് ഇരുമുന്നണികളും കാഴ്ചവച്ചത്. എൽ.ഡി.എഫിന്റെ കണക്കുകൂട്ടലുകൾ തകർത്താണ് കൊടുങ്ങല്ലൂരിലെ വോട്ടർമാർ പ്രതികരിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹന്നാൻ 61,085 വോട്ടു നേടി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ 13,235 വോട്ടുകളുടെ ലീഡ് കരസ്ഥമാക്കി.
എൻ.ഡി.എ 29,732 വോട്ടുമായി 10,931 വോട്ട് അധികം നേടാനായി. എൽ.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാൾ 9,262 വോട്ടുകൾ കുറഞ്ഞ് 49,355 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. എന്നാൽ എൻ.ഡി.എയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ കുറഞ്ഞ വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 3,973 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇത്തവണ വോട്ടെടുപ്പിന്റെ തലേന്ന് വരെയുള്ള എൽ.ഡി.എഫ് കണക്കെടുപ്പിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 10,000 ൽ അധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു.
എന്നാൽ വോട്ടെടുപ്പിന് ശേഷം 7,000 ൽ അധികം ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു വിശ്വാസം. അതേസമയം കൊടുങ്ങല്ലൂരിന്റെ കാര്യത്തിൽ യു.ഡി.എഫിനും വലിയ പ്രതീക്ഷ ഇല്ലായിരുന്നു. കഴിഞ്ഞ തവണ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച് 12,942 വോട്ട് നേടിയ വെൽഫെയർ പാർട്ടി ഇത്തവണ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 35,189 വോട്ട് നേടിയ ആം ആദ്മി പാർട്ടിക്ക് ഇത്തവണ സ്ഥാനാർത്ഥിയില്ലാതിരുന്നതിന്റെ കൂടുതൽ ആനുകൂല്യം യു.ഡി.എഫിന് ലഭിച്ചിട്ടുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്...