തൃശൂർ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജില്ലയിൽ എൻ.ഡി.എയുടെ വോട്ട് 2,30,485 വർദ്ധിച്ചു. എന്നാൽ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തൃശൂർ ലോക്‌സഭാ മണ്ഡലം ഒഴിച്ച് ചാലക്കുടിയിലും ആലത്തൂരിലും വോട്ട് വർദ്ധനയ്ക്കും മുന്നണിക്കായില്ല. തൃശൂരിൽ 1,91,140 വോട്ട് അധികം നേടിയപ്പോൾ ആലത്തൂരിൽ 9,580 വോട്ടും ചാലക്കുടിയിൽ 29,765 വോട്ടും അധികം ലഭിച്ചു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരമാണെങ്കിൽ ചാലക്കുടിയിൽ 9,886 വോട്ടിന്റെയും ആലത്തൂരിൽ 28,010 വോട്ടിന്റെയും കുറവുണ്ടായി. അട്ടിമറി വിജയം നേടുമെന്ന് ബി.ജെ.പി അവകാശപ്പെട്ടിരുന്നെങ്കിലും തൃശൂരിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയ 1,02,681 വോട്ടിൽ നിന്ന് 2,93,822 വോട്ടാക്കി വർദ്ധിപ്പിക്കാനേ ബി.ജെ.പിക്കായുള്ളൂ.

നിയമസഭാ തിരഞ്ഞെടുപ്പിൽ 2.05 ലക്ഷം വോട്ടാണ് ലഭിച്ചത്. തൃശൂർ നിയോജക മണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടിയത് ബി.ജെ.പിക്ക് പ്രതീക്ഷ പകരുന്നുണ്ട്. ഇവിടെ ഇടതുമുന്നണി മൂന്നാം സ്ഥാനത്താണ്. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന്റെ തലേദിവസമായിരുന്നു തൃശൂരിൽ സുരേഷ്‌ ഗോപിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത്. അതിന് മുമ്പ് തുഷാർ വെള്ളാപ്പള്ളിയായിരുന്നു സ്ഥാനാർത്ഥി. ശബരിമല വിഷയത്തോടൊപ്പം സുരേഷ് ഗോപിയുടെ വ്യക്തിപരമായ ഇമേജും നേട്ടമായി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷിന്റെ നേതൃത്വത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് ആയിരത്തോളം കുടുംബസംഗമങ്ങളും ബി.ജെ.പി നടത്തിയിരുന്നു.

ശബരിമല വിവാദത്തിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിച്ച മേഖലയായിരുന്നു തൃശൂർ. എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് ഉൾപ്പെടെയുള്ള കക്ഷികളുടെ സഹകരണവും വോട്ട് നേട്ടത്തിന് തുണയായി. പക്ഷേ അതൊന്നും വിജയത്തിലേക്ക് നയിച്ചില്ല. നിയമസഭാ മണ്ഡലങ്ങളിൽ നാട്ടികയിലാണ് ബി.ജെ.പി ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത്. 48,171 വോട്ടുകളാണ് ഇവിടെ നേടിയത്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ ഒന്നായി നാട്ടിക മാറി. മണലൂർ, ഒല്ലൂർ, ഇരിങ്ങാലക്കുട, പുതുക്കാട്, ഗുരുവായൂർ മണ്ഡലങ്ങളിലും കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച മുന്നേറ്റം ഉണ്ടാക്കാനായി. ആലത്തൂരിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി ടി.വി ബാബു മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചു.