കൊടുങ്ങല്ലൂർ: യു.ഡി.എഫ് തരംഗത്തിൽ ഇടതു കോട്ടയിൽ കാലിടറിയ എൽ.ഡി.എഫിന് കൈവിട്ട് പോയത് 58 വോട്ട്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്നസെന്റിന് 13,259 വോട്ടിന്റെയും , 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ടൈസൺ മാസ്റ്റർക്ക് 33,440 വോട്ടിന്റെയും ഭൂരിപക്ഷമാണ് കയ്പ്പമംഗലം നിയോജക മണ്ഡലത്തിൽ ലഭിച്ചത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും സമ്പൂർണ്ണ ഇടത് ആധിപത്യം പുലർത്തിയിരുന്ന കയ്പ്പമംഗലം ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്നു. കഴിഞ്ഞ ഓഖി , പ്രളയ ദുരിതബാധിത പ്രദേശമായ തീരദേശത്ത് എം.പിയെന്ന നിലയിൽ ഇന്നസെന്റ് സന്ദർശിക്കാതിരുന്നതും, സ്ഥാനാർത്ഥിത്വത്തോടുള്ള ലോക്കൽ കമ്മിറ്റികളുടെ അനിഷ്ടവുമാണ് ബെന്നി ബെഹനാന് 58 വോട്ടിന്റെ ഭൂരിപക്ഷം കിട്ടാനും കോട്ടയിൽ ഇളക്കമുണ്ടാകാനും ഇടയാക്കിയത്.