road
കോട്ടമുറി-കൊടവത്തുകുന്ന് റോഡ് നാട്ടുകാർ സഞ്ചാരയോഗ്യമാക്കുന്നു

മാള: പൊതുമരാമത്ത് വകുപ്പ് തിരിഞ്ഞു നോക്കാത്ത പ്രളയത്തിൽ തകർന്ന കോട്ടമുറി - കൊടവത്തുകുന്ന് റോഡ് നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ച് സഞ്ചാരയോഗ്യമാക്കുന്നു. ചാലക്കുടിപ്പുഴ ഗതിമാറി ഒഴുകിയെത്തിയപ്പോൾ പൂർണമായി ഒലിച്ചുപോയ റോഡ് പുനർനിർമ്മിക്കണമെന്നത് മാസങ്ങളായുള്ള ആവശ്യമായിരുന്നു. തകർന്ന റോഡ് മണ്ണിട്ട് ഉയർത്തുന്ന പണിയാണ് തുടങ്ങിയത്. പൊതുമരാമത്ത് വകുപ്പ് പ്രാഥമിക നടപടികൾ പോലും പൂർത്തിയാക്കാത്തതിനാൽ പുനർനിർമ്മാണം അനിശ്ചിതത്വത്തിലായിരുന്നു. മഴക്കാലമായാൽ കാൽനട പോലും സാധിക്കാത്ത സാഹചര്യത്തിലാണ് രംഗത്തിറങ്ങിയതെന്ന് ജനകീയ സമിതി കൺവീനർ ഡേവിസ് ടൈറ്റസ് പറഞ്ഞു.

നാട്ടുകാരുടെ സഹായ സഹകരണങ്ങൾ ഏകോപിപ്പിച്ചാണ് റോഡിന്റെ പണി നടത്തുന്നത്. പ്രളയത്തിൽ പൂർണമായി ഒലിച്ചുപോയ ഈ റോഡ് ഏറെക്കാലം അടച്ചിട്ടിരുന്നു. പിന്നീട് നാട്ടുകാർ ആദ്യഘട്ടത്തിൽ നടത്തിയ ശ്രമദാനമാണ് രക്ഷയായത്. എന്നാൽ മഴക്കാലത്തെ അതിജീവിക്കാൻ കൂടുതൽ നിർമ്മാണം ആവശ്യമായ നിലയിലാണ്. അതിനാലാണ് വേഗത്തിൽ നിർമ്മാണം നടത്തുന്നത്. പ്രളയത്തിൽ റോഡിന്റെ അനുബന്ധ പാലത്തോട് ചേർന്നുള്ള രണ്ട് വീടുകൾ ഒലിച്ചുപോയിരുന്നു. ഈ രണ്ട് വീടുകളും സ്വകാര്യ സ്ഥാപനങ്ങൾ നിർമ്മിച്ച് നൽകിയിരുന്നു. മാള ഹോളി ഗ്രേസ് അക്കാഡമിയും സ്വിസ് കൂട്ടായ്മയും ഓരോ വീടുകൾ നിർമ്മിച്ച് നൽകി. എന്നാൽ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ കാര്യത്തിൽ യാതൊന്നും ചെയ്തില്ലെന്നാണ് ആക്ഷേപം. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സ്വാഭാവിക കാലതാമസം മാത്രമാണ് നേരിടുന്നതെന്ന് വി.ആർ. സുനിൽ കുമാർ എം.എൽ.എ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ കാലതാമസം മാസങ്ങളായി മാറിയിരിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു...