പരിഗണിക്കാൻ സാദ്ധ്യതയുള്ളവർ : പി.എ. മാധവൻ, ടി.വി. ചന്ദ്രമോഹൻ, ജോസ് വള്ളൂർ, ജോസഫ് ടാജറ്റ്, എം.പി. വിൻസന്റ്
തൃശൂർ : തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ടി.എൻ. പ്രതാപൻ ജയിച്ചതോടെ ഡി.സി.സി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച ചർച്ചകളും കരുനീക്കങ്ങളും ആരംഭിച്ചു. ലോക്‌സഭാ സ്ഥാനാർത്ഥിയായതോടെ തന്നെ പ്രതാപൻ ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഡി.സി.സി പ്രസിഡന്റ് മത്സരിക്കുമ്പോൾ സംഘടനാ പ്രവർത്തനം നടക്കില്ലെന്ന കാരണമായി ഒരു വിഭാഗം ചൂണ്ടിക്കാട്ടിയത്.
പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാൻ പ്രതാപൻ തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും സ്ഥാനം മറ്റൊരാൾക്ക് നൽകണമെന്ന ആവശ്യവും നടന്നില്ല. എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ രാജി വയ്ക്കണമെന്നാവശ്യം ഗ്രൂപ്പ് ഭേദമന്യേ നേതാക്കളിൽ നിന്ന് ഉയർന്നു തുടങ്ങി. നേരത്തെ ഐ ഗ്രൂപ്പിനായിരുന്നു ഡി.സി.സി പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. പിന്നീട് എ ഗ്രൂപ്പ് ഇത് കൈയടക്കി. ഒ. അബ്ദുറഹിമാൻ കുട്ടിയും പിന്നീട് പി.എ. മാധവനും എ ഗ്രൂപ്പ് പ്രതിനിധികളായി ഡി.സി.സി പ്രസിഡന്റ് സ്ഥാനം വഹിച്ചു. വി.എം. സുധീരൻ കെ.പി.സി.സി പ്രസിഡന്റായിരിക്കെയാണ് ടി.എൻ പ്രതാപൻ ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റത്.
തനിക്ക് ഗ്രൂപ്പില്ലെന്ന് പ്രതാപൻ പറയുന്നുണ്ടെങ്കിലും എ ഗ്രൂപ്പിന്റെ പ്രതിനിധിയെന്ന നിലയിലാണ് സ്ഥാനം ലഭിച്ചതെന്നും വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ എ ഗ്രൂപ്പ് തന്നെയാണ് പ്രതാപനെതിരെ കൂടുതൽ ആരോപണം ഉയർത്തിയത്. പി.എ. മാധവൻ, ടി.വി. ചന്ദ്രമോഹൻ, ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ, എ ഗ്രൂപ്പിലെ ജോസഫ് ടാജറ്റ് എന്നിവർക്ക് പുറമേ മുൻ എം.എൽ.എ എം.പി. വിൻസന്റ് എന്നിവരുടെ പേരുകളും ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം പുലർത്തുന്ന ജോസ് വള്ളൂരിനെയായിരിക്കും ഐ ഗ്രൂപ്പ് പ്രധാനമായും ഉയർത്തിക്കാട്ടുക.
എ ഗ്രൂപ്പ് പ്രധാനമായും പി.എ. മാധവന് പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്ന ആഗ്രഹത്തിലാണ്. ടാജറ്റും അവരുടെ പരിഗണനയിലുണ്ട്. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി അടുത്ത ബന്ധം പുലർത്തുന്ന എം.പി. വിൻസന്റ് ആ വഴിക്കുള്ള ചരട് വലികളും നടത്തുന്നുണ്ട്. ഐ.പി. പോൾ, രാജൻ പല്ലൻ, സി.ഐ. സെബാസ്റ്റ്യൻ, കെ.വി. ദാസൻ, അജിത്ത് കുമാർ ഉൾപ്പെടെ നിരവധി നേതാക്കളും പ്രസിഡന്റ് സ്ഥാനം ആഗ്രഹിക്കുന്നുണ്ട്. പുതിയ ഡി.സി.സി പ്രസിഡന്റിന്റെ കാര്യത്തിൽ പ്രതാപന്റെ അഭിപ്രായം കൂടി നേതൃത്വം തേടിയേക്കും. താൻ ഡി.സി.സി പ്രസിഡന്റായിരിക്കെ ജില്ലയിലെ മൂന്ന് സീറ്റുകളും തിളക്കമാർന്ന വിജയത്തോടെ നേടാൻ സാധിച്ചതെന്ന നേട്ടം പ്രതാപന് ഉണ്ട്. അതേ സമയം സ്ഥാനം രാജിവയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് പ്രതാപൻ പറയുന്നത്. സ്ഥാനം രാജിവയ്ക്കുന്നതിനെ കുറിച്ച് കെ.പി.സി.സി നേതൃത്വം ഒന്നും പറഞ്ഞിട്ടില്ലെന്നാണ് പ്രതാപന്റെ പക്ഷം.