തൃശൂർ : ജയിലുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് വിയ്യൂർ സെൻട്രൽ ജയിലാണെന്ന് ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ പറഞ്ഞു.വിയ്യൂർ സെൻട്രൽ ജയിലിൽ ആരംഭിച്ച വിവിധ ആധുനികവത്കരണ പദ്ധതികളുടെ ഉദ്ഘാടനവും പഠനോപകരണ വിതരണവും ഫ്രീഡം പാനലിന്റെ ലോഗോ പ്രകാശനവും നിർവഹിക്കുകയായിരുന്നു അവർ.
തടവുകാരുടെ മാനസികോല്ലാസത്തിനായി ആരംഭിച്ച ഫ്രീഡം ചാനൽ, തടവുകാരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായി മാറണമെന്നും ഡി.ജി.പി. പറഞ്ഞു. ആധുനിക രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന സ്റ്റീം പാചകശാല, വിവിധ ബ്ലോക്കുകളിലേക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള ഇലക്ട്രിക് ട്രോളി, ആധുനിക കുടിവെള്ള പ്ലാന്റ്, ആധുനിക രീതിയിലുള്ള അലക്കു കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും ഡി.ജി.പി നിർവഹിച്ചു.
ജയിലിലെ അന്തേവാസികൾ സമാഹരിച്ച ഒരു ലക്ഷം രൂപയുടെ പഠനോപകരണങ്ങൾ രാമവർമ്മപുരം ഗവ. സ്‌കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്കും തടവുകാരുടെ മക്കൾക്കും വിതരണം ചെയ്തു. ഐ.ജി.എച്ച്. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യമേഖലാ ജയിൽ ഡി.ഐ.ജി സാം തങ്കച്ചൻ, ഹൈ സെക്യൂരിറ്റി പ്രിസൺ സൂപ്രണ്ട് എ.ജി. സുരേഷ്, ജയിൽ സൂപ്രണ്ട് എൻ.എസ്. നിർമ്മലാനന്ദൻ നായർ, വെൽഫെയർ ഓഫീസർ ഒ.ജെ. തോമസ്, ജോയിന്റ് സൂപ്രണ്ട് കെ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു...