ചാലക്കുടി: കനത്ത കാറ്റിൽ മേലൂരിൽ കനത്ത നാശം. പെട്രോൾ പമ്പിന്റെ ഷെഡ് തകർന്ന് മിനി ടെംപോ അടിയിൽപ്പെട്ടു. ആളപായമില്ല. ഉദയപുരത്ത രണ്ട് വീടിന് ഇടിമിന്നലേറ്റു. പലയിടത്തും മരങ്ങൾ വീണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ശക്തമായ കാറ്റിൽ പമ്പിന്റെ ഷെഡ് താഴേക്ക് പതിക്കുകയായിരുന്നു. പെട്രോൾ അടിച്ചു കൊണ്ടിരുന്ന മിനി ടെംപോയാണ് അടിയിൽ കുടുങ്ങിയത്. ഡ്രൈവർ ഇറങ്ങിയോടി. പുറത്തുള്ള ഒരു ബങ്കും താഴെ വീണു. ആർക്കും പരിക്കില്ല.
ഉദയപുരത്ത് ഇടിമിന്നലിൽ രണ്ടു വീടുകൾക്ക് കേടുപാടുകൾ പറ്റി. വെട്ടിയാടൻ ഷാജൻ, ഇടത്തിനകത്ത് കുഞ്ഞുമോൻ എന്നിവരുടെ വീടുകളുടെ പിൻഭാഗത്താണ് മിന്നലേറ്റത്. കുഞ്ഞുമോന്റെ വീട്ടിലെ ഇലക്ട്രിക്ക് ഉപകരണങ്ങൾ കത്തിനശിച്ചു. ചുവരിനും വിള്ളലുണ്ട്. ഷാജന്റെ വീട്ടിലും കേടുപാടുകളുണ്ട്. ഇവിടെ ടൈലുകൾ തെറിച്ചുപോയി. കല്ലൂത്തിയിൽ കച്ചിറക്കൽ തോമസിന്റെ ചായക്കട മരം വീണ് ഭാഗികമായി തകർന്നു. കിഴക്കേടത്ത് വർക്കിയുടെ കടയ്ക്കും തകരാറ് സംഭവിച്ചു. പാറേക്കാട്ട് മോളി, പാറേപറമ്പിൽ ജോയ് എന്നിവരുടെ വീടുകളുടെ പിൻഭാഗത്തെ ഓടുകൾ പറന്നുപോയി. ചാലക്കുടി നഗരത്തിലും മരങ്ങൾ ഒടിഞ്ഞു വീണ് വൈദ്യുതി ബന്ധം നിലച്ചു. കൂടപ്പുഴയിൽ തയ്യിൽ സത്യന്റെ അമ്പതോളം നേന്ത്രവാഴകളും കാറ്റിൽ ഒടിഞ്ഞു വീണു. വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം.