തൃശൂർ:ഒരു മതേതര സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്ന വോട്ടർമാരുടെ ആഗ്രഹം മൂലമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 13 നിയമസഭാ നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫിന് സമ്പൂർണ്ണ വിജയം നേടാനായതെന്ന് ജില്ലാ കോൺഗ്രസ് നേതൃയോഗം അഭിപ്രായപ്പെട്ടു. ജാതീയമായി വേർതിരിവ് സൃഷ്ടിച്ച് വോട്ട് നേടാനുള്ള എൻ.ഡി.എയുടെയും, എൽ.ഡി.എഫിന്റെയും കുതന്ത്രങ്ങൾ വോട്ടർമാർ തിരിച്ചറിഞ്ഞു. ശബരിമല പോലെയുള്ള വിഷയങ്ങളിൽ യു.ഡി.എഫിനെ കുറ്റപ്പെടുത്തി വോട്ടർമാർക്കിടയിൽ ആശങ്ക സൃഷ്ടിക്കാൻ ശ്രമിച്ചതിനെ തടയിടാൻ കോൺഗ്രസ് പ്രവർത്തകർക്ക് സാധിച്ചുവെന്നും യോഗം വിലയിരുത്തി
വോട്ടർമാർക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി നന്ദി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ, ഒ. അബ്ദുറഹിമാൻകുട്ടി, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, എം.പി. വിൻസെന്റ്, അഡ്വ. ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ, ഐ.പി. പോൾ എന്നിവർ പ്രസംഗിച്ചു.