വിയ്യൂർ: ഫ്രീഡം മെലഡി ബാൻഡ്, റേഡിയോ, ഫിലിം ക്ലബ്ബ് എന്നിവയ്ക്കു പുറമെ വിയൂർ സെൻട്രൽ ജയിലിൽ ഇനി ടി.വി ചാനലും. രാജ്യത്ത് ആദ്യമായാണ് ജയിലിൽ മാത്രമായി ഒരു ചാനൽ ആരംഭിക്കുന്നത്. ചാനലിന്റെ അവതാരകരും ഗായകരുമെല്ലാം ജയിൽ അന്തേവാസികളാണ്. തടവുകാർ നിർമിക്കുന്ന ഹ്രസ്വചിത്രങ്ങൾ, കോമഡി ഷോ, മിമിക്രി, ഡാൻസുകൾ എന്നിവയും കലാ മൂല്യമുള്ള സിനിമകളും ചാനൽ സംപ്രേക്ഷണം ചെയ്യും. ജയിലിൽ വീഡിയോഗ്രാഫി ഫോട്ടോഗ്രാഫി എന്നിവയിൽ പരിശീലനം ലഭിച്ച അന്തേവാസികളെയും ഉൾപ്പെടുത്തിയാണ് ചാനൽ പ്രവർത്തിക്കുക. പരിപാടികൾ ഒരാഴ്ച മുമ്പേ ഷൂട്ട് ചെയ്ത് എഡിറ്റിംഗ് പൂർത്തിയാക്കി സ്‌ക്രീനിംഗിന് ശേഷമാണ് അന്തേവാസികളെ പാർപ്പിച്ചിരിക്കുന്ന ബാരക്കുകളിൽ സ്ഥാപിച്ചിരിക്കുന്ന ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്യുക. ലോഗോ പ്രകാശന ചടങ്ങിൽ പ്രിസൺ ഐ.ജി. എച്ച്. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജയിൽ സൂപ്രണ്ട് എ.ജി. സുരേഷ്, റീജ്യണൽ വെൽഫെയർ ഓഫീസർ കെ. ലക്ഷ്മി, ജോയിന്റ് സൂപ്രണ്ട് കെ. അനിൽകുമാർ, മദ്ധ്യമേഖല ജയിൽ ഡി.ഐ.ജി സാം തങ്കയ്യൻ, വെൽഫെയർ ഓഫീസർ ഒ.ജെ. തോമസ്, വി.വി. സുധീഷ്, എൻ.എസ്. നിർമ്മലാനന്ദൻ എന്നിവർ സംസാരിച്ചു...