school
മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്‌വൺ പ്രവേശനം നേടിയവർക്ക് നോട്ടു ബുക്കുകൾ വിൽക്കുന്നു

മാള:നവാഗതർക്കായി സീനിയേഴ്സ് നിർമ്മിച്ച നോട്ട് ബുക്കുകൾക്ക് പ്രിയമേറുന്നു. മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് അവധിക്കാലത്ത് ബുക്കുകൾ നിർമ്മിച്ചത്. ഈ വർഷം പ്ലസ്‌വൺ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് കുറഞ്ഞ വിലയിൽ ബുക്കുകൾ നൽകുകയാണിവർ.

എൻ.എസ്.എസ് യൂണിറ്റിലെയും സംരംഭകത്വ ക്ലബ്ബിലെയും അംഗങ്ങളാണ് ബുക്കുകൾ നിർമ്മിച്ചത്. അദ്ധ്യയനം തുടങ്ങുമ്പോൾ പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായി ബുക്കുകൾ നൽകാനും പദ്ധതിയുണ്ട്. പൊതുവിപണിയിൽ വിൽക്കുന്നതിനേക്കാൾ കുറഞ്ഞ വിലയിലാണ് നൽകുന്നത്.

50 അംഗങ്ങളുള്ള സംഘമാണ് അവധിക്കാലത്ത് ബുക്കുകളും കുടകളും നിർമ്മിച്ചത്. ആദ്യഘട്ടമെന്ന നിലയിൽ നിർമ്മിച്ച അൻപതോളം കുടകൾ അപ്പോൾ തന്നെ വിറ്റഴിക്കുകയായിരുന്നു. എന്നാൽ നോട്ടുബുക്കുകൾ മാത്രമാണ് നവാഗതർക്കായി ഒരുക്കിയിട്ടുള്ളത്. വിദ്യാലയത്തിൽ കഴിഞ്ഞ വർഷം സംഘടിപ്പിച്ച പരിപാടികളുടേയും കാർഷിക പ്രവർത്തനങ്ങളുടേയും ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള പുറം ചട്ടയാണ് ബുക്കുകൾക്ക് നൽകിയിട്ടുള്ളത്. പ്ലസ്‌വൺ വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള എല്ലാ നോട്ടുബുക്കുകളും നിർമ്മിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥിനിയായ ആര്യ ബിജു പറഞ്ഞു. വിദ്യാലയത്തിലേക്ക് ആവശ്യമായ ക്ഷേമ -കാരുണ്യ പ്രവർത്തനങ്ങൾക്കും ആവശ്യമായ ഫണ്ട് സമാഹരിക്കാനും ഇതിലൂടെ കഴിയും. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജൂലി ജോസിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഇത്തരം പ്രവൃത്തികൾക്ക് വേണ്ടി അദ്ധ്യയനം മുടങ്ങാതിരിക്കാനാണ് അവധിക്കാലം പ്രയോജനപ്പെടുത്തിയത്.