തൃശൂർ: കിണർപണി, പത്രവിതരണം, കാറ്ററിംഗ്, കൂലിപ്പണി, ബസ് കണ്ടക്ടർ, ഹോട്ടൽ സപ്ളൈയർ, സിവിൽ സർവീസ് പരീക്ഷാർത്ഥി, പരിശീലകൻ, കവി... 32 വയസിനിടെ എടുത്തണിയേണ്ടി വന്ന ജീവിത വേഷങ്ങൾ സുജിത്ത് സുരേന്ദ്രന് പെട്ടെന്ന് പറഞ്ഞു തീർക്കാനാവില്ല. പേരാമംഗലം താമരത്ത് വീട്ടിൽ സുജിത്ത് പ്രാരാബ്ധക്കടലിൽ മുങ്ങിത്തപ്പാൻ തുടങ്ങുന്നത് പതിനഞ്ചാം വയസിലാണ്.
പത്താംക്ലാസ് പരീക്ഷയുടെ രണ്ടു ദിവസം മുമ്പാണ് അച്ഛൻ സുരേന്ദ്രൻ മരിച്ചത്. പരീക്ഷയെഴുതി ജയിച്ചെങ്കിലും ഗുരുവായൂർ റെയിൽപ്പാതയുടെ പണിക്കിടെ കാലിനേറ്റ ഗുരുതര പരിക്കിൽ കൂലിപ്പണിയെടുക്കാനാവാത്ത അമ്മ സരളയും പഠിക്കാൻ മിടുക്കിയായ ചേച്ചി സ്മിതയും ഒരു ചോദ്യചിഹ്നം പോലെ സുജിത്തിന്റെ മുന്നിലുണ്ടായിരുന്നു. പിന്നെ കടങ്ങളും. പഠിച്ചിട്ട് ആരാവാനാ, പോയി എന്തെങ്കിലും പണിയ്ക്കു പോ... എന്ന് പറയാത്തവർ ആരുമില്ല. സുജിത്ത് കിണറുപണിക്കു പോയി. പ്ലസ്ടുവിന് പഠിച്ചു. പിന്നെ മേൽപ്പറഞ്ഞ പണികളെല്ലാം ചെയ്തു. 69 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ച് കേരളവർമ കോളേജിൽ ഇക്കണോമിക്‌സ് വിദ്യാർത്ഥിയായി.
കോളേജിൽ ചേർന്ന നാളിൽ പേരാമംഗലം ട്രാൻസ്‌പോർട്ട് എന്ന സ്വകാര്യ ബസിൽ കണ്ടക്ടറായി. 15 ദിവസം കണ്ടക്ടർ, 15 ദിവസം പഠനം. കോളേജ് പ്രിൻസിപ്പലും വന്നിരുന്നത് ആ ബസിലായിരുന്നു. സുജിത്തിന്റെ കഷ്ടപ്പാടുകൾ അദ്ദേഹവും മറ്റ് അദ്ധ്യാപകരും തിരിച്ചറിഞ്ഞു. അറ്റൻഡൻസും മറ്റു സഹായങ്ങളും ചെയ്തുകൊടുത്തു. 2007ൽ ഡിഗ്രി കഴിഞ്ഞു. ബംഗളൂരുവിൽ കാർഗോയിൽ ജോലിക്കാരനായി. പിന്നെയും പഠിച്ചു, ഭാരതിയാർ സർവകലാശാലയിൽ നിന്ന് മാനവവിഭവശേഷിയിൽ എം.ബി.എ. ജയിച്ചു. കൊച്ചിയിൽ സി.എം.എസ് ഇൻഫോ സിസ്റ്റത്തിൽ എച്ച്.ആർ. വിഭാഗത്തിൽ അസോസിയേറ്റ് ആയി. പിന്നെ, സിവിൽ സർവീസിലായി നോട്ടം. രണ്ടുതവണ പ്രിലിമിനറി എഴുതിയെങ്കിലും കിട്ടിയില്ല.
തിരുവനന്തപുരത്തും തൃശൂരും സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങളിൽ പരിശീലകനായി. അതിനിടയിൽ പഠനവും തുടരുന്നു. സഹോദരി സ്മിതയ്ക്ക് സിംഗപ്പൂരിൽ നിന്ന് ഓർഗാനിക് കെമിസ്ട്രിയിൽ ഡോക്ടറേറ്റുണ്ട്. അതും സുജിത്തിന് പ്രചോദനമാകുന്നു. വരുമാനം കണ്ടെത്താൻ ഇപ്പോഴും ചെമ്പൂക്കാവ്. പി.ഡബ്ള്യു.ഡി റെസ്റ്റ് ഹൗസിലെ കാന്റീനിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ മൂന്ന് വരെ ഭക്ഷണം വിളമ്പും. ജോലിയുടെയും പഠനത്തിന്റെയും ഇടവേളകളിലാണ് സുജിത്തിലെ കവി ഉണരുന്നത്. അപ്പോൾ ഫേസ്ബുക്കിൽ കവിത കുത്തിക്കുറിക്കും. ഇന്നലെ 52 കവിതകൾ അടങ്ങിയ സമാഹാരം 'അച്ഛന്റെ മക്കളും ആനക്കിടാങ്ങളും' പുറത്തിറങ്ങി. പവിത്രൻ തീക്കുനി പ്രകാശനം ചെയ്തു. കഴിഞ്ഞ ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്ക് സുജിത്ത് പരിശീലിപ്പിച്ച ഓട്ടോറിക്ഷക്കാരിൽ എട്ടുപേർ ലിസ്റ്റിലുണ്ട്. അതെ പഠിച്ചും, പഠിപ്പിച്ചും പണിയെടുത്തും സുജിത്ത് ഒരു പാഠമാകുകയാണ്... സുജിത്തിന്റെ ഫോൺ 7559036569....