 സ്ഥിരം നിയമനത്തിൽ മെല്ലെപ്പോക്കെന്ന് ഉദ്യോഗാർത്ഥികൾ

 ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല

തൃശൂർ: പുത്തൻ പാഠപുസ്തകങ്ങളുമായി സ്കൂളുകൾ വിദ്യാർത്ഥികളെ കാത്തിരിക്കേ, ജില്ലയിലെ ഭൂരിഭാഗം സ്‌കൂളുകളിലും സ്ഥിരം അദ്ധ്യാപകരില്ല. എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 400 അദ്ധ്യാപകരുടെ ഒഴിവാണ് ഇതുവരെയുള്ളത്. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട നൂറ് കണക്കിന് ഉദ്യോഗാർത്ഥികൾ നിയമനം കാത്തിരിക്കുമ്പോഴാണ് ഈ സ്ഥിതി.

താത്കാലിക അദ്ധ്യാപകരെ നിയമിച്ച് ഈ വർഷവും അദ്ധ്യയനം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. താത്കാലിക അദ്ധ്യാപകരെ നിയമിക്കാനുള്ള ഉത്തരവ് ഡി.പി.ഐയിൽ നിന്ന് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. പി.ടി.എയുമായുള്ള ധാരണ അനുസരിച്ച് താത്കാലിക അദ്ധ്യാപകരെ നിയമിക്കാനുള്ള നീക്കത്തിലാണ് സ്‌കൂൾ അധികൃതർ. അദ്ധ്യാപക ഒഴിവ് സംബന്ധിച്ച അറിയിപ്പ് മാദ്ധ്യമ സ്ഥാപനങ്ങളിലേക്ക് എത്തിത്തുടങ്ങി. ജില്ലയിൽ നിലവിൽ ഏറ്റവും കൂടുതൽ അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് പ്രൈമറി തലത്തിലാണ്. എൽ.പി വിഭാഗത്തിലെ 96 ഒഴിവുകളിലേക്ക് ജൂൺ ആദ്യവാരം നിയമനമുണ്ടായേക്കും.

എൽ.പിയിൽ 205ഉം യു.പിയിൽ 125ഉം ഹൈസ്‌കൂൾ തലത്തിൽ 68 ഉം ഒഴിവുണ്ട്. ഹൈസ്‌കൂളിൽ ഭാഷാ വിഭാഗത്തിൽ 22ഉം ഭാഷേതര വിഭാഗത്തിൽ 46ഉം ഒഴിവാണുള്ളത്. ഭാഷേതര വിഭാഗത്തിൽ ഫിസിക്കൽ സയൻസിലാണ് കൂടുതൽ ഒഴിവ് 14. ഈ തസ്തികയ്ക്ക് പി.എസ്.സി റാങ്ക് പട്ടികയുമില്ല. മാത്ത്‌സ് 12, ഇംഗ്‌ളീഷ് 1, സോഷ്യൽ സയൻസ് 12, നാച്യുറൽ സയൻസ് 7, മലയാളം 5, ഹിന്ദി 4, സംസ്‌കൃതം 1, അറബിക് 9 എന്നിങ്ങനെയാണ് ഒഴിവ്. ഫിസിക്കൽ ട്രെയിനിംഗിൽ മൂന്ന് ഒഴിവുണ്ട്.

പ്രൈമറി വിഭാഗം പരുങ്ങലിൽ

പ്രൈമറിയിൽ എൽ.പി വിഭാഗത്തിൽ നിലവിലുള്ള റാങ്ക് പട്ടികയിൽ നിന്ന് ഒരാളൊഴികെ മറ്റുള്ളവർക്ക് പി.എസ്.സി അഡ്വൈസ് മെമ്മോ അയച്ചു. പട്ടിക റദ്ദാകുമെന്ന കാരണം പറഞ്ഞാണ് ബാക്കിയുള്ള ഒരാൾക്ക് അഡ്വൈസ് അയക്കാത്തത്. പട്ടികയിലുള്ള മുഴുവൻ പേരെയും നിയമിച്ചാലും ആയിരത്തിലധികം ഒഴിവുകൾ പിന്നെയുമുണ്ടാകും. യു.പി പട്ടിക കേസിൽപെട്ട് അനിശ്ചിതതത്വത്തിലായതിനാൽ അഡ്വൈസ് അയക്കാൻ വൈകും.

സ്‌കൂൾ തുറക്കുന്നതിന് മുമ്പ് കേസിലുൾപ്പെട്ട ഒഴിവുകൾ മാറ്റി നിറുത്തി ബാക്കിയുള്ള 38 പേർക്ക് അഡ്വൈസ് അയക്കാനുള്ള തയ്യാറെടുപ്പിലാണ് പി.എസ്.സി. എങ്കിലും എൽ.പി. യു.പി. വിഭാഗങ്ങളിലായി 150 ഓളം താത്കാലികക്കാരെ നിയമിക്കേണ്ടി വരും.
താത്കാലിക ജോലിയിൽ പ്രവേശിക്കുന്ന അദ്ധ്യാപകർ മറ്റൊരു ജോലി ലഭിച്ച് പോകുന്നതോടെ വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കും.

ഒഴിവുകൾ പൂഴ്ത്തുന്നു

കഴിഞ്ഞ വർഷം ഡി.ഡിയിൽ നിന്ന് പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ തലവരിയെണ്ണൽ കഴിഞ്ഞതോടെ ഇല്ലാതായി. അഡ്വൈസ് ലഭിച്ചവരുടെ നിയമനം പ്രതിസന്ധിയിലുമായി. ഈ സാഹചര്യത്തിൽ ഒന്നോ രണ്ടോ ഒഴിവുകൾ മാറ്റി നിറുത്തിയാണ് പലപ്പോഴും ഡി.ഡിയിൽ നിന്ന് പി.എസ്.സിയിലേക്ക് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഹൈസ്‌കൂളിൽ ഒരു ഇംഗ്‌ളീഷ് അദ്ധ്യാപക തസ്തികയിൽ ഒഴിവുണ്ടെങ്കിലും അത് പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്തില്ല. കഴിഞ്ഞ വർഷം നിയമനം നടത്തിയതിൽ ഒരു ഒഴിവ് അധികമായുണ്ടെന്നതാണ് കാരണം.

ഒഴിവുകൾ ഇങ്ങനെ....


എൽ.പി 205
യു.പി 125
ഹൈസ്‌കൂൾ 68