തൃശൂർ: കുട്ടികളുടെ കാഴ്ചക്കുറവിന് ആയുർവേദ പരിഹാരം എന്ന ലക്ഷ്യത്തോടെ നടത്തുന്ന ദൃഷ്ടി പദ്ധതിയുടെ ജില്ലാ തല സമാപനവും ചികിത്സ ലഭിച്ച കുട്ടികളുടെയും രക്ഷിതാക്കളുടെ സംഗമവും നടന്നു. രാമവർമ ജില്ലാ ആയുർവേദ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ് മെഡിക്കൽ ഓഫീസർ ഡോ. എസ്. ഷിബു അദ്ധ്യക്ഷനായി. 1,600 ഓളം കുട്ടികളുടെ കാഴ്ചക്കുറവ് ആദ്യമായി കണ്ടെത്താൻ പദ്ധതിയിലൂടെ സാധിച്ചു. കുട്ടികളുടെ ഭക്ഷണ ശീലങ്ങളിലും ആരോഗ്യ ശീലങ്ങളിലും ഗുണപരമായ മാറ്റം വരുത്തുന്നതിനും നേത്രവ്യായാമങ്ങൾ പ്രചരിപ്പിക്കുന്നതിനും സാധിച്ചെന്ന് ഡോ. പി.കെ. നേത്രദാസ് പറഞ്ഞു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ലാ സെക്രട്ടറി ഡോ. സജു കെ.ബി, ഡോ മേരി സെബാസ്റ്റ്യൻ, ഡോ. പ്രീതി ജോസ് എന്നിവർ സംസാരിച്ചു...