കയ്പ്പമംഗലം : കേരളത്തിന്റെ സാമൂഹിക ഉന്നമനത്തിന് കാരണം സാംസ്‌കാരിക മേഖലയും വിദ്യാഭ്യാസ മേഖലയും പരസ്പരം ഇഴ ചേർന്ന് നിൽക്കുന്നത് കൊണ്ടാണെന്ന് തമിഴ് സാഹിത്യകാരനും ഫാസിസ്റ്റ് വിരുദ്ധ പോരാളിയുമായ പെരുമാൾ മുരുകൻ അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് കേരളം വ്യത്യസ്തമാക്കുന്നതെന്നും, അദ്ധ്യാപനം എന്നത് ഒരു തൊഴിലും വിദ്യാഭ്യാസം കച്ചവടവുമാകുന്ന അവസ്ഥ സാംസ്‌കാരികമായ ഏറ്റവും വലിയ അപചയമാണെന്നും പെരുമാൾ മുരുകൻ പറഞ്ഞു. മതിലകത്ത് കളരിപ്പറമ്പ് ഗ്രാമീണ വായനശാലയുടെ രണ്ടാമത് എം.എൻ. വിജയൻ പുരസ്‌കാര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ രീതിയിൽ സാംസ്‌കാരിക കേരളത്തെ സമ്പന്നരാക്കിയ രണ്ട് അദ്ധ്യാപകരാണ് എം.എൻ. വിജയനും സുനിൽ പി ഇളയിടവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.എൻ വിജയൻ സ്മാരക പുരസ്‌കാരം സുനിൽ പി. ഇളയിടത്തിന് പെരുമാൾ മുരുകൻ സമർപ്പിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.പി അഹമ്മദ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ബി.ജി. വിഷ്ണു, ഇ. ജി. സുരേന്ദ്രൻ, എം.എ. വിജയൻ, സോമൻ താമരക്കുളം, ടി.കെ. രമേഷ് ബാബു, വി. മനോജ്, എം.എസ് ദിലീപ്, യു.കെ. സുരേഷ് കുമാർ, സുധീഷ് അമ്മവീട്, പി.എം. സിജിത്ത്, പി.കെ. സുനിൽ കുമാർ, അജ്മൽ അഷറഫ്, ടി.എസ്. സജീവൻ, പി.ഐ. ദിൽഷാദ് എന്നിവർ സംസാരിച്ചു. കെ.വി. അഞ്ജലി, എം.യു. ദേവിക എന്നീ വിദ്യാർത്ഥിനികൾക്ക് ഈ വർഷത്തെ ഗീതാഞ്ജലി സാഹിത്യ പുരസ്‌കാരം വിതരണം ചെയ്തു.