അന്തിക്കാട്: പ്രായത്തെ മറന്നുള്ള മുഹമ്മദ് ഗസനിയുടെ പാട്ടുകൾ അന്തിക്കാട്ടെ ആസ്വാദകർക്ക് വേറിട്ട അനുഭവമായി. തെരുവു ഗായകനായ ഇയാളുടെ കഴിവു കണ്ട് അന്തിക്കാട് പഞ്ചായത്ത് ആദരിക്കുകയും ചെയ്തു. കവലകൾ തോറും സഞ്ചരിച്ച് ഉപജീവനത്തിനായി പാട്ടുകൾ പാടുന്ന വയനാട് സ്വദേശി മുഹമ്മദിനെയാണ് അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സൻ പൊന്നാടയണിയിച്ചത്. പതിനായിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച് റിയാലിറ്റി ഷോകളിൽ വരെ തന്റെ കഴിവു തെളിയിച്ച വ്യക്തിയാണ് മുഹമ്മദ് ഗസനി. ഉപജീവനത്തിനായി കഴിഞ്ഞ ദിവസം അന്തിക്കാട് സെന്ററിലെത്തിയ മുഹമ്മദ് ഗസനി രാവിലെ മുതൽ വൈകീട്ടു വരെയാണ് വ്യതസ്തങ്ങളായ ഗാനങ്ങൾ പാടി തിമിർത്തത്. തെരുവുകൾ തോറും പാടി ആസ്വാദകരുടെ കൈയടി നേടുന്ന ഇദേഹത്തിന്റെ ഗാനങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

ഗാനാലാപനത്തിന്റെ മധുരിമയിൽ കാണികളുടെ അഭിനന്ദന പ്രവാഹവും എത്തി. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സൻ മുഹമ്മദ് ഗസനിയെ പൊന്നാട ചാർത്തി ആദരിച്ചു. ഉടുക്കുവാൻ മുണ്ടും സാമ്പത്തിക സഹായവും നൽകി. ഒരു നാട്ടിലും ലഭിക്കാത്ത അംഗീകാരം തന്ന അന്തിക്കാട് പഞ്ചായത്തിനോടും, നാട്ടുകാരോടും മുഹമ്മദ് ഗസനി നിറ മനസോടെ നന്ദിയും രേഖപ്പെടുത്തി. ശ്രുതി മധുരമായ ഗാനം കൊണ്ട് ആസ്വാദക ഹൃദയങ്ങളിൽ കുളിർമഴ പെയ്യിച്ച അനുഗൃഹീത ഗായകനെ കഴിയുന്ന രീതിയിൽ സഹായധനം നൽകിയാണ് അന്തിക്കാട്ടുകാർ യാത്രയാക്കിയത്...