ചാലക്കുടി: കല്ലേറ്റുംകര ആശാരിമൂലയിൽ വീടിനോട് ചേർന്നുള്ള പറമ്പിൽ പാർക്ക് ചെയ്തിരുന്ന ഹ്യൂണ്ടായ് ഐ ടെൻ കാർ കത്തി നശിച്ച സംഭവം ആസൂത്രിതമാണെന്ന് തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആളൂർ കനാൽ പാലത്തിന് സമീപം പുതുശ്ശേരി വീട്ടിൽ അടപ്പൻ സിജു എന്നറിയപ്പെടുന്ന സിജുമോൻ (38), ഇരിങ്ങാലക്കുട ഗാന്ധിഗ്രാം കല്ലുങ്കൽ വീട്ടിൽ ഫ്രെനി (41) എന്നിവരെയാണ് ചാലക്കുടി ഡിവൈ.എസ്.പി കെ. ലാൽജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തൃശൂർ പൂരം രാത്രിയായിരുന്നു സംഭവം. കല്ലേറ്റുംകര ആശാരിമൂലയിലുള്ള രാജൻ എന്നയാൾ റെന്റിനെടുത്ത കാറാണ് സാമ്പത്തിക തർക്കത്തെ തുടർന്ന് സുഹൃത്തായ ഫ്രെനിയുടെ ആസൂത്രണത്തിൽ കത്തിച്ചത്. പതിനഞ്ചു വർഷത്തോളം വിദേശത്തായിരുന്ന ഫ്രെനി അവിടെ നിന്നും സമ്പാദിച്ച പതിനഞ്ചു ലക്ഷത്തോളം രൂപ തന്റെ വിശ്വസ്ത സുഹൃത്തായ രാജനെ ഏൽപിച്ചു. തുടർന്ന് നാട്ടിലെത്തി വീടുപണിയാരംഭിച്ചപ്പോൾ പണം തിരികെ ചോദിച്ചെങ്കിലും രാജൻ ഒഴിവു കഴിവു പറഞ്ഞ് നീട്ടിക്കൊണ്ടു പോവുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ വഞ്ചിതനായെന്ന തോന്നലിൽ ഫ്രെനിക്ക് വൈരാഗ്യം ജനിച്ചു. ബാറിൽ വച്ച് പരിചയപ്പെട്ട ഗുണ്ട അടപ്പൻ സിജുവിനോട് ആവശ്യപ്പെട്ടതോടെയാണ് രാജൻ ഉപയോഗിക്കുന്ന കാർ കത്തിക്കാമെന്ന ആശയത്തിലേക്ക് എത്തിയത്.