കയ്പ്പമംഗലം: വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകരസന്തതിയായ മതഭ്രാന്തും കൂടി സുന്ദരമായ ഭൂമിയെ രക്തത്തിൽ കുതിർക്കുകയാണെന്ന് സ്വാമി വിവേകാനന്ദൻ അമേരിക്കയിൽ നടന്ന ലോകമത മഹാസമ്മേളനത്തിൽ പറഞ്ഞപോലെയാണ് ഇന്ത്യയിലും ഇപ്പോൾ നടക്കുന്നതെന്ന് സ്വാമി സന്ദീപാനന്ദ ചൈതന്യ.
പെരിഞ്ഞനം കേന്ദ്രമായി രൂപം കൊണ്ട ഉറവ് സാംസ്‌കാരിക ഇടത്തിന്റെ ഉദ്ഘാടനച്ചടങ്ങിലെ സെമിനാറിൽ ഇന്ത്യ എങ്ങോട്ട് എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു സ്വാമി.
പ്രത്യേക നിറത്തിലും, ജാതിയിലും, ഭാഷയിലും മനുഷ്യനെ വിഭജിച്ചാണ് ഇന്ന് മതത്തിന്റെ പേരിൽ അധികാരം നേടിയിരിക്കുന്നത്. ശ്രീനാരായണ ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് മുമ്പും പ്രതിഷ്ഠയ്ക്ക് ശേഷവും എന്ന നിലയിലാണ് കേരള ചരിത്രമെന്നും സ്വാമി പറഞ്ഞു. സ്ത്രീയുടെ പേരിൽ അറിയപ്പെടുന്ന പ്രദേശമാണ് ശബരിമല. ശബരിയുടെ പ്രസാദം കഴിച്ച ശ്രീരാമന് പരാതിയില്ല. നാല് സ്ത്രീകൾ ചെന്നാൽ നഷ്ടപ്പെട്ട് പോകുന്നതാണോ അയ്യപ്പന്റെ ബ്രഹ്മചര്യമെന്നും സ്വാമി ചോദിച്ചു. ഉറവ സാംസ്‌കാരിക ഇടം ചെയർമാൻ കെ.കെ. സച്ചിത്ത് അദ്ധ്യക്ഷത വഹിച്ചു. കയ്പ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് മുഖ്യാതിഥിയായി. ഉറവ കൺവീനർ പി.കെ. അറുമുഖൻ, രക്ഷാധികാരി എം.കെ. സത്യനാഥൻ മാസ്റ്റർ, ട്രഷറർ പി.കെ. സജിത്ത് മാസ്റ്റർ, പി.എ. സുധീർ, സോമൻ താമരകുളം എന്നിവർ സംസാരിച്ചു. ചടങ്ങിൽ ചികിത്സാ സഹായം വിതരണം ചെയ്തു.