തൃശൂർ: ജില്ലയിൽ ഈ വർഷം 52 എച്ച് 1 എൻ 1 ബാധിതരെ കണ്ടെത്തിയതിൽ രണ്ട് പേർ മരിക്കുകയും കഴിഞ്ഞദിവസം എച്ച് വൺ എൻ വൺ രോഗം സ്ഥിരീകരിച്ച ചാലക്കുടി സ്വദേശി ഗുരുതരാവസ്ഥയിലാകുകയും ചെയ്തതോടെ ജനങ്ങൾ ഭീതിയിൽ.

വേനൽമഴയ്ക്കു ശേഷം നിരവധിപേർക്ക് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പിടിപെട്ടതിന് പിന്നാലെയാണ് എച്ച് 1 എൻ 1 പനിയും ഭീഷണി ഉയർത്തുന്നത്. വഴിയോരങ്ങളിൽ കുന്നുകൂടുന്ന മാലിന്യവും ചീഞ്ഞുനാറുന്ന ഓടകളും കാരണം കൊതുകുശല്യവും രൂക്ഷമായി. കഴിഞ്ഞയാഴ്ച മതിലകത്ത് പനിബാധിച്ച് മരിച്ച എച്ച് 1 എൻ 1 ബാധിതനായിരുന്നുവെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു.

കോർപറേഷനിൽ മഴക്കാല പൂർവ ശുചീകരണവും ബോധവത്കരണവും നിർദ്ദേശങ്ങൾ നൽകുന്നതിൽ മാത്രം ഒതുങ്ങിയെന്ന ആരോപണം ശക്തമായിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്ന ഭരണനേതൃത്വവും ഉദ്യോഗസ്ഥ വിഭാഗവും ഫലം പുറത്തുവന്നിട്ടും നടപടികളെടുത്തിട്ടില്ല. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ, പ്ലാന്റേഷൻ മേഖലകളിലെ കാമ്പയിൻ, ഡ്രൈഡേ ആചരണം, ഗൃഹസന്ദർശനം, ഭക്ഷണവിതരണ കേന്ദ്രങ്ങളിലെ പരിശോധനകൾ എന്നിവയെല്ലാം നടക്കുന്നതായി പറയുന്നുണ്ടെങ്കിലും ഫലപ്രദമല്ലെന്ന് തെളിയിക്കുന്നതാണ് പകർച്ചവ്യാധികളുടെ സ്ഥിരീകരണം.

മഴക്കാലത്തിന് മുൻപേ ശുചീകരണ പ്രവർത്തനം നടത്തേണ്ടതുണ്ട്. എന്നാൽ അതും വ്യാപകമായുണ്ടായില്ല. ആരോഗ്യവകുപ്പ് ഡെങ്കിപ്പനി നിവാരണ യജ്ഞവും മഴക്കാല പൂർവശുചീകരണവും നടത്തി ജാഗ്രതാ നിർദേശങ്ങൾ നൽകിയെങ്കിലും പൂർണ്ണമായി ഫലം കാണുന്നില്ലെന്ന പരാതിയുമുണ്ട്.

മാലിന്യം വഴിയോരം നിറയെ

വീടുകളിൽ നിന്നുള്ള മാലിന്യം പ്ളാസ്റ്റിക് കവറുകളിലാക്കി റോഡരികിൽ തള്ളുന്നത് കൂടിവരികയാണ്. റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിന് എതിർഭാഗത്തും പടിഞ്ഞാറെക്കോട്ടയിലും ശങ്കരയ്യറോഡിലും കിഴക്കെകോട്ടയിലും ശക്തൻ സ്റ്റാൻഡിലും കോട്ടപ്പുറത്തും വടക്കെ സ്റ്റാൻഡിലുമെല്ലാം മാലിന്യക്കൂമ്പാരം കാണാം. ഇടയ്ക്ക് മഴ പെയ്യുമ്പോൾ എല്ലാം റോഡിലേക്ക് ഒലിച്ചിറങ്ങും. തെരുവുനായ്ക്കളും കടിച്ച് വലിച്ച് മാലിന്യം റോഡിലെത്തിക്കും. അതിനാൽ കൊതുക് പെരുകുകയാണ്. ജനറൽ ആശുപത്രിയിലും കൊതുകുശല്യം രൂക്ഷമാണ്. കെട്ടിക്കിടക്കുന്ന വെള്ളമാണ് കൊതുകിന്റെ വളർച്ചയ്ക്ക് കാരണം.

എച്ച് 1 എൻ 1: കരുതൽ വേണം

വായുവിലൂടെ പകരുന്ന വൈറൽ പനി. തുടക്കത്തിൽ തന്നെ ചികിത്സിക്കണം.

പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവ ലക്ഷണങ്ങൾ.

ഗർഭിണികളിലും പ്രായമായവരിലും ചെറിയ കുട്ടികളിലും മറ്റ് രോഗമുള്ളവരിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ നൽകണം

ചികിത്സ വൈകരുത്

''ഇളം ചൂടുള്ള കഞ്ഞി വെള്ളം പോലെയുള്ള പോഷകഗുണമുള്ള പാനീയങ്ങളും പോഷക സമൃദ്ധമായ ആഹാരങ്ങൾ കഴിക്കുവാനും പൂർണ്ണ വിശ്രമമെടുക്കുവാനും രോഗികൾ ശ്രദ്ധിക്കണം. പരമാവധി വീടിനുള്ളിൽ തന്നെ കഴിയുകയും സ്‌കൂൾ, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വിട്ടു നിൽക്കുകയും വേണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ, മൂക്ക്, എന്നിവ തൂവാല കൊണ്ട് മറയ്ക്കാനും ശ്രദ്ധിക്കണം. ലക്ഷണങ്ങൾ നിസ്സാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതു കൊണ്ടാണ് അപകടാവസ്ഥയിൽ എത്തുന്നത്. ജില്ലയിലെ എല്ലാ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യ ചികിത്സയും ഒസൽട്ടാമവീർ എന്ന ഔഷധവും ലഭ്യമാണ്. പകർച്ചവ്യാധികൾ പിടിപെട്ടാൽ ചികിത്സ ഒട്ടും വൈകരുത്. ''

- ഡോ.കെ.ജെ.റീന, ജില്ലാ മെഡിക്കൽ ഓഫീസർ