തൃശൂർ: വൈദ്യശാസ്ത്രപഠനം മികവാർന്നതും, ജനോപകാരപ്രദവും ആയിരിക്കണമെന്ന കാഴ്ചപ്പാടുകളോടെ കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയ്ക്ക് ദിശാബോധം പകർന്നുള്ള അക്കാഡമിക ഭരണക്രമം കാഴ്ചവച്ച രജിസ്ട്രാർ ഡോ. എം.കെ. മംഗളം സ്ഥാനമൊഴിഞ്ഞു.

2015 ഡിസംബർ ആറിന് രജിസ്ട്രാറായി സ്ഥാനമേറ്റ ഡോ. മംഗളത്തിന്റെ മേൽനോട്ടത്തിലാണ് സർവകലാശാലാ സെനറ്റ്, ഇവാലുവേഷൻ സെന്റർ, യൂട്ടിലിറ്റി ബിൽഡിംഗ്, അക്കാഡമിക് സ്റ്റാഫ്‌ കോളേജ് എന്നിവ ആരംഭിക്കാനായത്.

തിരുവനന്തപുരത്ത് സ്ഥാപിതമായ സ്കൂൾ ഒഫ് ഹെൽത്ത്‌ പോളിസീസ് ആൻഡ് പ്ലാനിംഗ് സ്റ്റഡീസ്, തൃപ്പൂണിത്തുറയിലെ സ്‌കൂൾ ഒഫ് ഫണ്ടമെന്റഷൽ റിസർച്ച് ഇൻ ആയുർവേദ, കോഴിക്കോടുള്ള സ്‌കൂൾ ഒഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസ്, സർവകലാശാല ആസ്ഥാനത്തു പ്രവർത്തിക്കുന്ന അക്കാഡമിക് സ്റ്റാഫ്‌ കോളേജ് എന്നീ സ്‌കൂളുകളും, സെന്റർ ഫൊർ ബേസിക് സയൻസസ് റിസർച്ച് ആൻഡ് ബയോ എത്തിക്‌സ്, സെന്റർ ഫൊർ ജെറന്റോളജിക്കൽ സ്റ്റഡീസ് തുടങ്ങിയ കേന്ദ്രങ്ങളിലൂടെ തുടക്കം കുറിച്ചിട്ടുള്ള ഗവേഷണ പ്രവർത്തനങ്ങളും ശ്രദ്ധേയമായിരുന്നു.