തൃശൂർ: കഴിഞ്ഞ വർഷം ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത് 21843 വിദ്യാർത്ഥികളായിരുന്നുവെങ്കിൽ ഈ മാസം 20 വരെ 22,000 ലേറെയായി ഉയർന്നതായി തൃശൂർ ഡയറ്റ് അധികൃതർ അറിയിച്ചു. അമ്പതു കുട്ടികളിൽ കുറവുള്ള വിദ്യാലയങ്ങളിലെ പ്രധാന അദ്ധ്യാപകർ, എസ്.എം.സി കൺവീനർ, എയ്ഡഡ് സ്‌കൂൾ മാനേജർമാർ, പി.ടി.എ പ്രസിഡന്റുമാർ എന്നിവർക്കായി 'ഉണർവിലേക്ക് ' എന്ന പേരിൽ പ്രത്യേക ശിൽപ്പശാലയും തൃശൂർ ഡയറ്റ് നടത്തിയിരുന്നു. ഈ വിദ്യാലങ്ങൾക്കായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു.
ജില്ലയിലെ പ്രീ പ്രൈമറി അദ്ധ്യാപകർക്കായി അവധിക്കാലത്ത് തൃശൂർ ഡയറ്റ് പരിശീലനം നൽകിയിരുന്നു. പ്രീ പ്രൈമറി രംഗത്തെ കുട്ടികളുടെ വർദ്ധനവ് പൊതുവിദ്യാഭ്യാസത്ത് കുട്ടികളുടെ വർദ്ധനവിന് സഹായകമായിട്ടുണ്ട്. ജില്ലയിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന കുട്ടികൾക്കായുള്ള പഠന സഹായി ഡയറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്നുണ്ട്. ഏപ്രിലിൽ വിദ്യാലയങ്ങളിലെ പ്രവേശന വർദ്ധനവിനായി ജില്ലയിലെ പ്രധാന അദ്ധ്യാപകർക്കായി ഏകദിന ശിൽപ്പശാലകൾ 'പ്രവേശനപ്പെരുക്കം' നടത്തിയിരുന്നു. ഈ ശിൽപ്പശാലകളിൽ ഓരോ വിദ്യാലയത്തിന്റേയും സാദ്ധ്യതകൾ പരിഗണിച്ച് പ്രവേശന വർദ്ധനവിനായുള്ള കർമ്മപദ്ധതികൾ നടപ്പിലാക്കിയിരുന്നു.
അക്കാഡമിക, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി വിവിധ പദ്ധതികളാണ് സ്‌കൂളുകൾ നടപ്പാക്കിയത്. സ്‌കൂൾ തുറക്കുന്ന ജൂൺ മൂന്നിന് പഠന സഹായി 'പൂത്തുമ്പി' സംസ്ഥാന പ്രവേനോത്സവ വേദിയിൽ പ്രകാശനം ചെയ്യുമെന്ന് ഡയറ്റ് പ്രിൻസിപ്പൽ കെ.ആർ. വിശ്വംഭരൻ അറിയിച്ചു.