തൃശൂർ: സംസ്ഥാനത്തെ ആദ്യവനിതാ കമാൻഡിംഗ് ഓഫീസറെ ആദരിച്ച് സംസ്ഥാനത്തെ ആദ്യവനിതാ ബറ്റാലിയൻ. 90 വയസ് പ്രായമായ മേജർ എം.സി. ആനന്ദവല്ലിയെയാണ് ഇന്നലെ രാവിലെ സെവൻ കേരള എൻ.സി.സി ബറ്റാലിയൻ ആദരിച്ചത്. 1969 ൽ ആരംഭിച്ച ബറ്റാലിയൻ അമ്പതാം വർഷത്തിലെത്തുമ്പോഴാണ് കമാൻഡിംഗ് ഓഫീസർ കേണൽ എച്ച്. പത്മനാഭൻ 'മിഷൻ ആനന്ദവല്ലി' യുമായി രംഗത്തിറങ്ങുന്നത്. ഇന്നലെ രാവിലെ കമാൻഡിംഗ് ഓഫീസറുടെ ഔദ്യോഗിക വാഹനത്തിലാണ് കേണൽ പദ്മനാഭൻ, മേജർ ആനന്ദവല്ലിയെയും കുടുംബത്തെയും ബറ്റാലിയനിലെത്തിച്ചത്. വീരനായികയ്ക്ക് സെവൻ കേരള ഗാർഡ് ഒഫ് ഓണർ നൽകി. 1969-1974 കാലഘട്ടത്തിൽ അവർക്കൊപ്പം സേവനം ചെയ്തിരുന്ന സുബേദാർ പത്മനാഭനും സ്ഥലത്തെത്തിയിരുന്നു. ഓഫീസിലെ ബോർഡിൽ ഒന്നാമതായി തന്റെ പേര് കണ്ട ആനന്ദവല്ലി, ഓർമ്മകൾ പങ്കിട്ടു. ബൈക്ക് ഓടിച്ച് കോയമ്പത്തൂരിൽ നിന്ന് ബറ്റാലിയനിലെത്തിയിരുന്ന കമാൻഡിംഗ് ഓഫീസറെ 86 വയസുകാരനായ സുബേദാർ പത്മനാഭനും ഓർത്തെടുത്തു. കേണൽ പത്മനാഭനും ഈ മേയ് 31 ന് വിരമിക്കും.