unnikrishnan
ഉണ്ണികൃഷ്ണൻ എള്ള് കൃഷി വിളവെടുപ്പിനിടയിൽ

മാള: എള്ളിന്റെ ഉള്ളറിഞ്ഞ് ഉണ്ണിക്കൃഷ്ണൻ കാർഷിക മേഖലയിൽ മറ്റൊരു വിജയഗാഥ രചിച്ചു. വളവും വെള്ളവുമില്ലാതെ മണ്ണിൽ മനസ് സമർപ്പിച്ച കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥൻ കൂടിയായ പുത്തൻചിറ പിണ്ടാണി പനങ്ങാടൻ പി.എസ്. ഉണ്ണിക്കൃഷ്ണനാണ് എള്ള് കൃഷിയിൽ പൊന്ന് വിളയിച്ചത്. കുറഞ്ഞ ചെലവിൽ കൂടുതൽ വരുമാനം നേടാവുന്നതാണ് എള്ള് കൃഷി. വിത്തിറക്കി നാല് മാസം കൊണ്ട് പൂർണമായ വരുമാനം ലഭിക്കുന്ന ഈ കൃഷിക്ക് മുതൽമുടക്ക് താരതമ്യേന കുറവാണ്.

വിത്തിറക്കിയ ശേഷം വളപ്രയോഗമോ കീടനാശിനിയോ വെള്ളമോ വേണ്ടിവന്നില്ലെന്നതാണ് ഉണ്ണിക്കൃഷ്ണന്റെ കൃഷി രീതിയെ വ്യത്യസ്തമാക്കിയത്. ഒരേക്കർ സ്ഥലത്താണ് ഇത്തവണ കൃഷിയിറക്കിയത്. ഒരേക്കറിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് പി.എസ്. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ എള്ളിനിടയിൽ കപ്പലണ്ടിയും കൃഷി ചെയ്തിരുന്നു.

ജോലിയിൽ നിന്ന് വിരമിച്ച ശേഷം പൂർണ സമയം കാർഷിക മേഖലയിൽ സജീവമാണ്. പ്രളയത്തിന് മുൻപ് 25 ഏക്കർ സ്ഥലത്ത് നെൽക്കൃഷിയിറക്കി മികച്ച വിളവ് നേടിയിരുന്നു. തുടർന്നാണ് എള്ള് കൃഷി പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തത്. കായംകുളത്ത് നിന്ന് കൊണ്ടുവന്ന എള്ള് വിത്താണ് കൃഷിയിറക്കിയത്. കാർഷിക മേഖലയിൽ വ്യത്യസ്തതകൾ തേടിയുള്ള ഉണ്ണിക്കൃഷ്ണന്റെ കൃഷിരീതി മണ്ണറിഞ്ഞുള്ളതായിരുന്നു.