പെരിങ്ങോട്ടുകര: ചെമ്മാപ്പിള്ളിയിൽ സീരിയൽ യൂണിറ്റ് ഉടമ കണാറ വീട്ടിൽ പ്രദിൻ (46) വധക്കേസിൽ മുഴുവൻ പ്രതികളെയും അന്തിക്കാട് പൊലീസ് അറസ്റ്റു ചെയ്തില്ലെന്നും, സി.പി.എം പ്രാദേശിക നേതൃത്വം പ്രതികളെ സംരക്ഷിക്കുകയാണെന്നും അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യവുമായി കുടുംബാഗങ്ങൾ രംഗത്ത്. ഏപ്രിൽ 14നാണ് ചെമ്മാപ്പിള്ളിയിൽ വീടിനു സമീപത്തു വച്ചു ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ പ്രദിൻ കൊല്ലപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആകെ നാല് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദിൻ മരിച്ച് 41 ദിവസവും കഴിയുമ്പോഴും മുഴുവൻ പ്രതികളെയും പിടികൂടാത്തതിൽ ദുരൂഹതയുണ്ടെന്നും, പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രദിന്റെ ഭാര്യയും, ബന്ധുക്കളും ആരോപിച്ചു. അന്തിക്കാട് പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ല. പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നതായി സംശയം ജനിപ്പിക്കുന്ന രീതിയിലാണ് കേസന്വേഷണം നീങ്ങുന്നതെന്നും, കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തുന്നതിനായി കേസ് സി.ബി.ഐക്ക് വിടണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം. സംഭവത്തിൽ പ്രതിയായ ബന്ധുവിനെ സംരക്ഷിക്കാൻ സ്ഥലത്തെ പ്രമുഖ വനിതാ നേതാവിന്റെ നേതൃത്വത്തിൽ സി.പി.എം പ്രാദേശിക ഘടകം ശ്രമങ്ങൾ നടത്തുകയാണെന്നും, ആശുപത്രിയിൽ വച്ച് പണം നൽകി ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയിരുന്നതായി ഇവർ ആരോപിച്ചു. പ്രദിൻ മരിച്ചിട്ട് 41 ദിവസമായിട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ട് നൽകാതെ വൈകിപ്പിക്കുന്നതായും ഇവർ പറഞ്ഞു. പ്രദിന്റെ ഭാര്യ സുഷിത, മക്കളായ അനർഘ, അനന്യ, സഹോദരി ഭർത്താവ് എൻ.കെ സജീവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. വടക്കുംമുറി പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് പെരിങ്ങോട്ടുകരയിൽ പ്രതിഷേധ സായാഹ്ന ധർണ നടത്തുമെന്ന് പൗരസമിതി സെക്രട്ടറി ഷൺമുഖൻ മാപ്രാണത്ത് അറിയിച്ചു.