boat
ആഴക്കടലിൽ മുനക്കകടവ് കോസ്റ്റൽ പൊലീസ് പരിശോധന നടത്തുന്നു.

ചാവക്കാട്: കടലിലൂടെ ദുരൂഹസാഹചര്യത്തിൽ ബോട്ട് സഞ്ചരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ആഴക്കടലിൽ മുനക്കകടവ് കോസ്റ്റൽ പൊലീസ് പരിശോധന നടത്തി. ഒമ്പത് നോട്ടിക്കൽ മൈൽ ദൂരത്തിൽ സഞ്ചരിച്ച ശേഷം പൊലീസ് ബോട്ട് കണ്ടെത്തി. പരിശോധനയിൽ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ബോട്ടാണ് ഇതെന്നും കണ്ണൂർ നിന്നും മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചു പോകുകയാണ് ഇവരെന്നും മനസ്സിലായി.

തമിഴ്‌നാട്‌ കേരള അതിർത്തിയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെന്ന് പൊലീസ് പറഞ്ഞു. ബോട്ടിൽ നടത്തിയ പരിശോധനയിൽ അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ല. കോസ്റ്റൽ പൊലീസ് എസ്.ഐ വി. അമീറലി, സീനിയർ സി.പി.ഒ പ്രഭാത്, സി.പി.ഒ സാജൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സ്രാങ്ക് വിനോദ്, ലസ്‌കർ സതീശൻ എന്നിവർ ബോട്ട് നിയന്ത്രിച്ചു.

ഇന്നലെ രാവിലെയാണ് കടലിൽ ദുരൂഹ സാഹചര്യത്തിൽ ബോട്ട് സഞ്ചരിക്കുന്നുവെന്ന വിവരം മത്സ്യത്തൊഴിലാളികൾ പൊലീസിനെ അറിയിച്ചത്. ശ്രീലങ്കയിൽ നിന്നും തീവ്രവാദികൾ കടൽമാർഗ്ഗം കേരളത്തിലേയ്ക്ക് നുഴഞ്ഞു കയറുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് തീരദേശമേഖലയിൽ കോസ്റ്റൽ പൊലീസും, മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രതയിലാണ്. കടലിൽ പരിശോധന തുടരാനാണ് പൊലീസ് തീരുമാനം.