തൃശൂർ: ദേശീയപാതയിലെ കുതിരാനിൽ നിറുത്തിയിട്ട ലോറിക്കു പിറകിൽ മിനിലോറിയും വാനും ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. മിനിവാൻ ഡ്രൈവർ ഒറ്റപ്പാലം സ്വദേശി പ്രമോദിനാണ് (28) പരിക്കേറ്റത്. അപകടത്തെ തുടർന്ന് വൻഗതാഗത കുരുക്കുണ്ടായി. ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു അപകടം.

നിറുത്തിയിട്ട ലോറിക്കു പിന്നിൽ പാലക്കാട് ഭാഗത്തുനിന്ന് വന്ന മിനിലോറിയും വാനും ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് രണ്ടുമുതൽ ഒമ്പതുവരെ കുതിരാനിൽ ഗതാഗതം സ്തംഭിച്ചു. പരിക്കേറ്റയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി വാഹനങ്ങളാണ് വഴിയിൽ കുരുങ്ങിയത്. ഹൈവേ പൊലീസും, പീച്ചി പൊലീസും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയതിനുശേഷമാണ് ഗതാഗത കുരുക്കിന് ശമനമായത്. ഹൈവേ പൊലീസ് എസ്‌.ഐ: അബ്ദുൾ ജലീൽ, സി.പി.ഒമാരായ ഷിനോജ്, ഷിനോത്ത് എന്നിവരടങ്ങുന്ന സംഘമാണ് ഗതാഗതം നിയന്ത്രിച്ചത്.

മഴക്കാലം വരാനിരിക്കെ, കുതിരാനിൽ മണ്ണിടിച്ചിൽ തടയാൻ സ്ഥാപിച്ച മണൽ ചാക്കുകൾ ദ്രവിച്ച് തുടങ്ങിയത് അപകട ഭീഷണി ഉയർത്തുന്നുമുണ്ട്. കഴിഞ്ഞ പ്രളയത്തിനിടെയാണ് കുതിരാനിൽ വൻ മണ്ണിടിച്ചിലുണ്ടായത്. കുതിരാനിലെ പടിഞ്ഞാറെ വശത്തെ തുരങ്കമുഖത്തനോട് ചേർന്നായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതത്തിന് ഭീഷണി ഉയർന്നതോടെയാണ് തകിട് ഷീറ്റ് സ്ഥാപിച്ച് മണ്ണിടിച്ചിൽ തടയാൻ മണൽചാക്കുകൾ നിരത്തിയത്. ആയിരക്കണക്കിന് മണൽ ചാക്കുകൾ മണ്ണിടിച്ചിൽ തടയാൻ നിരത്തിയത്. മണൽ ചാക്കുകൾ നിരത്തി ഒരു വർഷം എത്തുമ്പോഴേക്കും ചാക്കുകൾ ദ്രവിച്ച് മണൽ പുറത്തേക്ക് പോയി തുടങ്ങിയതോടെ വീണ്ടും അപകടാവസ്ഥയിലാവുകയായിരുന്നു.