തൃശൂർ: വഴിയോരങ്ങളിൽ മാലിന്യം കുന്നുകൂടുകയും പകർച്ചവ്യാധികൾ പടർന്നു പിടിക്കുകയും ചെയ്തതോടെ, മഴക്കാല പൂർവ ശുചീകരണം കൃത്യമായി നടപ്പായില്ലെന്ന് വ്യക്തം.

തൃശൂർ പൂരത്തിന് മൂന്ന് ദിവസം മുൻപ് കഴിഞ്ഞ 10, 11, 12 തിയതികളിലാണ് പൊതു ഇടങ്ങളും സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും ശുചീകരിക്കൻ തീരുമാനിച്ചത്. ആദ്യദിവസം നെന്മണിക്കര ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പാലിയേക്കര, മണലി റോഡിന് (പഴയ ദേശീയപാത) ഇരുവശവും തള്ളിയ മാലിന്യം നീക്കം ചെയ്തുകൊണ്ട് തുടങ്ങിയെങ്കിലും തുടർന്നുള്ള ശനി, ഞായർ അവധി ദിവസങ്ങളിൽ കാര്യമായി നടന്നില്ല. ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, ആരോഗ്യവകുപ്പ് ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം തുടങ്ങിയതെങ്കിലും പൂരത്തിരക്കിൽ നഗരപരിസരങ്ങളിൽ ശുചീകരണം വഴിപാടായി. പൂരം കഴിഞ്ഞതോടെ വോട്ടെണ്ണൽ തിരക്കിലായിരുന്നു ഉദ്യോഗസ്ഥരും ജനപ്രതിനിധികളും.

പൂരത്തിനു ശേഷം തേക്കിൻകാട് മൈതാനം വൃത്തിയാക്കുന്നതിനെ ചൊല്ലിയും മാലിന്യം സംസ്കരിക്കുന്നതിനെ ചൊല്ലിയും വിവാദങ്ങളുയർന്നു. ഇതോടെ ശുചീകരണപ്രവർത്തനങ്ങളെല്ലാം നിലച്ച മട്ടായി.

മന്ത്രിയുടെ നേതൃത്വത്തിൽ മേയർ, ഡെപ്യൂട്ടി മേയർ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, കോർപറേഷൻ കൗൺസിലർമാർ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നാണ് ശുചീകരണത്തിന് തീരുമാനമെടുത്തത്. ഡിവിഷൻ തലത്തിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ചെയ്യേണ്ട ശുചീകരണം വിലയിരുത്താനും തീരുമാനിച്ചിരുന്നു. ആരോഗ്യ വിഭാഗം ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളാകാനും നിർദ്ദേശിച്ചിരുന്നു.

കോർപറേഷന്റെ തനതു ഫണ്ടിൽ നിന്നാണ് ശുചീകരണത്തിന് തുക വകയിരുത്തുന്നത്. സ്‌കൂളുകൾ, സർക്കാർ ഓഫീസുകൾ, വിയ്യൂർ ജയിൽ, കോളേജുകൾ, ഹോസ്റ്റലുകൾ, ശൗചാലയങ്ങൾ എന്നിവയെല്ലാം ശുചീകരിക്കാൻ നിശ്ചയിച്ചെങ്കിലും പേരിനു മാത്രമായിരുന്നു നടപടി. ഇതരസംസ്ഥാന തൊഴിലാളികൾ കൂടുതലുള്ള മേഖലകളിലും ശുചീകരണം നടത്തേണ്ടതാണ്. ഇവരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുകയും വേണം. എന്നാൽ ഇവരെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പോലും ഒരു വകുപ്പിലുമില്ല.
കൊതുകുനിവാരണ മാർഗങ്ങൾ ഒരുക്കാനും മഞ്ഞപ്പിത്തം പടർന്നു പിടിച്ച തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജ്, രാമവർമ്മപുരത്തെ പൊലീസ് അക്കാഡമി എന്നിവിടങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്നത് നിരീക്ഷിക്കാനും നിർദ്ദേശിച്ചിരുന്നു. അതേസമയം, 'ഹെൽത്തി കേരള' പരിപാടിയുടെ ഭാഗമായി ജില്ലയിൽ 1176 ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി 112സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പു നൽകുകയും 56800 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.

കുട്ടൻകുളങ്ങര മാതൃക

നഗരപരിധിയിൽ ആദ്യം മഞ്ഞപ്പിത്തം കണ്ടെത്തിയ കുട്ടൻകുളങ്ങര ഡിവിഷൻ 'നാട് ശുചീകരിച്ച് രോഗപ്രതിരോധം' നടത്തി മാതൃകയായി. കോർപറേഷന്റെ വെള്ളം ഇവിടെ മലിനമായിരുന്നു. കൗൺസിലർ ലളിതാംബിക രംഗത്തിറങ്ങിയപ്പോൾ നാട്ടുകാരും ഒന്നിച്ചു. ഡിവിഷനിൽ ഉൾപ്പെടുന്ന റെയിൽവേയുടെ അധീനതയിലുള്ള കാന ശുചീകരിക്കുന്നതിനെ ചൊല്ലി ആശയക്കുഴപ്പമുണ്ടായപ്പോൾ, ഡിവിഷണൽ എൻജിനീയറെ വിവരം ധരിപ്പിച്ചു. അതോടെ റെയിൽവേയും സഹായം വാഗ്ദാനം ചെയ്തു. വർഷങ്ങളായി ശുചീകരണം നടക്കാത്ത ഈ മേഖലയാണിത്.