തൃശൂർ: എൽ.പി, യു.പി അദ്ധ്യാപക തസ്തികകളിലേക്ക് രണ്ടാംഘട്ട നിയമനോപദേശം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിറുത്തിവയ്ക്കാൻ പി.എസ്.സിയുടെ നിർദ്ദേശം. പി.എസ്.സിയിൽ നിന്ന് ഫോണിലൂടെയാണ് ജില്ലാ ഓഫീസുകൾക്ക് നിർദ്ദേശം നൽകിയത്. മാർച്ച് ഏഴിലെ ഹൈക്കോടതി ഉത്തരവിൽ അവ്യക്തതയുള്ളതാണ് കാരണം. ഇത് നീക്കാൻ പി.എസ്.സി വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചു. മറുപടിയെ ആശ്രയിച്ചായിരിക്കും തുടർനിയമനം.
ആദ്യഘട്ടത്തിൽ നിയമനോപദേശം ലഭിച്ച മൂവായിരത്തിലധികം ഉദ്യോഗാർത്ഥികൾ ജൂൺ ആദ്യവാരം ജോലിയ്ക്കെത്തിയാലും നിരവധി വിദ്യാലയങ്ങളിൽ അദ്ധ്യയനം നടക്കണമെങ്കിൽ താത്കാലികക്കാരെ ആശ്രയിക്കണം. ഇതൊഴിവാക്കാൻ രണ്ടാംഘട്ട നിയമനം ഉടൻ നടത്തണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടപ്പോഴാണ് നിയമനോപദേശം നിറുത്തിയ വിവരം പുറത്തായത്.
അദ്ധ്യാപക നിയമനത്തിനായുള്ള പി.എസ്.സിയുടെ വിജ്ഞാപനത്തിൽ കെ ടെറ്റ് യോഗ്യത ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഉദ്യോഗാർത്ഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും നിയമനോപദേശം ലഭിക്കാനും വൈകിയത്. എന്നാൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്ക് നിയമനം നടത്താനായിരുന്നു മാർച്ച് ഏഴിന് ഹൈക്കോടതിയുടെ ഉത്തരവ്. എന്നു വരെ റിപ്പോർട്ട് ചെയ്ത ഒഴിവുകളാണെന്ന് വ്യക്തമാക്കിയിരുന്നുമില്ല. അതിനാൽ ഉത്തരവ് വന്ന മാർച്ച് ഏഴുവരെയുള്ള ഒഴിവുകളെയാണ് നിയമനോപദേശത്തിന് പരിഗണിച്ചത്.
മാർച്ച് ഏഴിന് ശേഷവും നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. റിട്ടയർമെന്റ്, അന്തർജില്ലാതല സ്ഥലം മാറ്റം, പ്രൊമോഷൻ എന്നിവയിലൂടെ ജൂൺ പകുതിയോടെയും, തലവരിയെണ്ണലിന് ശേഷം ജൂലായ് 15ഓടെ പൂർത്തിയാക്കുന്ന അദ്ധ്യാപക തസ്തിക നിർണയത്തോടെയും കൂടുതൽ ഒഴിവുകളുണ്ടാകും. മലപ്പുറത്താകും കൂടുതൽ ഒഴിവ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ കുത്തൊഴുക്കാണ്.
തൃശൂരിൽ യു.പി കുരുക്കഴിഞ്ഞു
തൃശൂരിലെ ഉദ്യോഗാർത്ഥികൾക്ക് മാത്രം ലഭിക്കാതിരുന്ന യു.പി അദ്ധ്യാപക തസ്തികയിലേക്കുള്ള ആദ്യഘട്ട നിയമനോപദേശം ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കും. 125ലധികം ഒഴിവുണ്ടെങ്കിലും 64 പേർക്ക് മാത്രമാണ് നിയമനം നൽകുക. കേസുമായി ബന്ധപ്പെട്ട നൂലാമാലകളാണ് കാരണം. എൽ.പി വിഭാഗത്തിൽ പട്ടികയിലെ ഒരാളൊഴികെ മുഴുവൻ പേരും ഉടൻ ജോലിയിൽ പ്രവേശിക്കും. മുഴുവൻ പേരെ നിയമിച്ചാലും 100ലേറെ ഒഴിവുകൾ പിന്നെയുമുണ്ടാകും.