തൃശൂർ: ഭക്ഷ്യ സുരക്ഷ ആരോഗ്യ രക്ഷയ്ക്ക് എന്ന സന്ദേശവുമായി ലോക ഭക്ഷ്യ സുരക്ഷാ ദിനം ജൂൺ ഏഴിന് ആചരിക്കും. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി, പി.ജി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരം ഇന്ന് രാവിലെ ഒമ്പതിന് ടൗൺ ഹാളിൽ നടക്കും.

സുരക്ഷിത ആഹാരം, ആഹാരത്തിലെ അനാവശ്യ പ്രവണതകൾ, പരമ്പരാഗത ഭക്ഷണത്തിന്റെ പ്രാധാന്യം, ഫാസ്റ്റ് ഫുഡിന്റെ അപകടങ്ങൾ, എന്നീ വിഷയങ്ങൾ ആസ്പദമാക്കിയാണ് ക്വിസ് മത്സരം. ഭക്ഷ്യ സുരക്ഷ വകുപ്പും ദേശീയ ആരോഗ്യ മിഷനും സംയുക്തമായി മറ്റു വകുപ്പുകളെ ഏകോപിപ്പിച്ചു ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലാണ് പരിപാടികൾ നടക്കുന്നത്. ക്വിസ് മത്സരത്തിൽ 5000, 2000, 1500 എന്നിങ്ങനെയാണ് ഒന്നു മുതൽ മൂന്നുവരെ സ്ഥാനക്കാർക്കുള്ള സമ്മാനം. ജില്ലാതല വിജയികൾക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാം.

വിവിധ ഭക്ഷണ വിഭവങ്ങൾ പരിചയ പെടുത്തുന്ന ഭക്ഷ്യ മേളകൾ, സൈക്കിൾ റാലി, ഫ്‌ളാഷ് മൊബ്, പോസ്റ്റർ രചന മത്സരം, സെമിനാറുകൾ, പൊതുപ്രദർശനം എന്നിവയും ജൂൺ ഒന്നു മുതൽ ഏഴുവരെ നടക്കും. ക്വിസ് മത്സരത്തിൽ രണ്ടുപേരടങ്ങുന്ന ടീമായിട്ടാണ് മത്സരമെന്ന് ഫുഡ് സേഫ്റ്റി ഓഫീസർ വി.കെ. പ്രദീപ്കുമാർ പറഞ്ഞു. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഇന്ന് രാവിലെ ഒമ്പതിന് മുമ്പ് ടൗൺ ഹാളിലെത്തി പേര് രജിസ്റ്റർ ചെയ്യണമെന്ന് ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ ജി. ജയശ്രീ അറിയിച്ചു.