പെരിങ്ങോട്ടുകര: താന്ന്യം പഞ്ചായത്തിലെ മതിലെട്ടു കുളത്തിൽ തോട്ട പൊട്ടിച്ചു മീൻ പിടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് മീനുകൾ ചത്തുപൊന്തി. വെള്ളം മലിനമായതിനെ തുടർന്ന് കുളം ഉപയോഗശൂന്യമായതായി ആരോപണം. സമീപവാസികളായ ഇരുപതോളം കുടുംബങ്ങളുടെയും, അന്യസംസ്ഥാന തൊഴിലാളികളുടെയും ആശ്രയമായിരുന്നു മതിലെട്ടു കുളം. പൊതുവെ ജലക്ഷാമം നേരിടുന്ന പ്രദേശത്ത് നാട്ടുകാർക്ക് കുളിക്കാനും അലക്കാനും ഒരേക്കറിൽ കൂടുതൽ വിസ്തീർണമുള്ള ഈ കുളമാണ് ഉപയോഗിക്കുന്നത്.

മീനുകൾ ധാരാളമുള്ള ഈ കുളത്തിൽ മീനിനെ ചൂണ്ടയിട്ടു പിടിക്കാൻ പലരും എത്താറുണ്ട്. ഇതിനിടെ ഒരു സംഘം തോട്ട പൊട്ടിച്ച് മീൻ പിടിക്കാൻ ശ്രമം നടത്തുകയും അതിനു ശേഷം മീനുകൾ ചത്തു പൊന്തി അഴുകിയ നിലയിലാകുകയും വെള്ളം മലിനപ്പെടുകയും ചെയ്തതായി മതിലെട്ടു കുളം സംരക്ഷണ സമിതി സെക്രട്ടറി സുബീഷ് വള്ളിയിൽ പറഞ്ഞു. സമീപത്തെ പൈപ്പുകളിൽ വെള്ളം ആഴ്ചയിൽ ഒരിക്കലാണ് എത്തുന്നത്. കിണറുകളിൽ വെള്ളവുമില്ലാത്തത് തങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.