ചാലക്കുടി: നഗരസഭയിലെ കട്ടിപ്പൊക്കത്ത് മൊബൈൽ ടവർ സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ രംഗത്ത്. ടവർ സ്ഥാപിക്കാൻ അനുവദിക്കരുതെന്ന ആവശ്യവുമായി പ്രദേശ വാസികൾ നഗരസഭാ അധികൃതരെ സമീപിച്ചു. പ്രശ്‌നം ചർച്ച ചെയ്യാൻ ബുധനാഴ്ച നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗവും ചേരുന്നുണ്ട്.

കട്ടിപ്പൊക്കം ജംഗ്ഷനിലെ ഈയിടെ നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തിന് മുകളിലാണ് ടവർ നിർമ്മിക്കാൻ നീക്കം നടക്കുന്നത്. നിർമ്മാണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ബാറ്ററിപ്പെട്ടിയും അനുബന്ധ സാമഗ്രികളും കെട്ടിടത്തിന് മുകളിൽ എത്തിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പരിസരവാസികൾ ഒറ്റക്കെട്ടായി എതിർക്കുന്ന ടവർ സ്ഥാപിക്കൽ അനുവദിക്കരുതെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ ആവശ്യപ്പെട്ടു. ടവർ സ്ഥാപിക്കരുതെന്ന നാട്ടുകാരുടെ ആഗ്രഹത്തിന് ഒപ്പമാണ് തങ്ങളെന്ന് വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ പറയുന്നു. ടവർ നിർമ്മാണത്തിന് പ്രദേശിക ഭരണ സമിതികളുടെ ആവശ്യമില്ലെന്ന നിയമം നിലനിൽക്കെ കുറ്റം ഭരണസമിതിയുടെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് വൈസ് ചെയർമാൻ ചൂണ്ടിക്കാട്ടി. ഇക്കാര്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നിനാണ് പ്രത്യേക കൗൺസിൽ വിളിച്ചിരിക്കുന്നത്.