തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്താൻ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ശനിയാഴ്ച ചേരും. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുക. തൃശൂർ ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനർത്ഥിയായിരുന്ന രാജാജി മാത്യു തോമസിന്റെ പരാജയം സംബന്ധിച്ച് വിലയിരുത്തുന്നതിന് വേണ്ടിയാണ് എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത്. ഇതിന് പുറമെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം മുതിർന്ന നേതാക്കൾ നടത്തിയ പ്രസ്താവനകളും യോഗത്തിൽ ചർച്ച വിഷയമാകും. സിറ്റിംഗ് എം.പി: സി.എൻ. ജയദേവൻ തൃശൂരിലെ തോൽവി വിശദമായി പരിശോധിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ജയദേവനെ മാറ്റിയാണ് രാജാജിയെ മത്സരിപ്പിച്ചത്. ജില്ലാ കമ്മിറ്റി നൽകിയ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു രാജാജി. ജയദേവനും രാജാജിക്കും പുറമേ കെ.പി. രാജേന്ദ്രന്റെ പേരാണ് നൽകിയിരുന്നത്. തൃശൂർ ലോക്‌സഭാ മണ്ഡലം ഉൾപ്പെടുന്ന തൃശൂർ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫിന് വോട്ട് കുറഞ്ഞതും യോഗത്തിൽ വിമർശന വിധേയമാകും.