തൃശൂർ: കേരള സംഗീത നാടക അക്കാഡമി മുഖമാസിക കേളിയുടെ വർക്കിംഗ് എഡിറ്ററായിരുന്ന ഭാനു പ്രകാശിനെ തൃശൂർ പൗരാവലി സ്‌നേഹാദരം നൽകി. കേരള സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച ആദരസമ്മേളനം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. അത്യന്തം ക്ലേശകരമായ ചുമതലയിലേക്കാണ് ഭാനുപ്രകാശ് പോകുന്നതെന്ന് എം.കെ. സാനു പറഞ്ഞു. നാടകത്തിലും സിനിമയിലും തിളങ്ങിനിൽക്കുന്ന മോഹൻലാലിനെപോലുള്ള ഒരു മഹാനടന്റെ ജീവചരിത്രം എഴുതുകയെന്നത് എളുപ്പമല്ല. മനസിന്റെ താളം, സംയോജിപ്പിക്കാനുള്ള കഴിവ്, വിശകലനം, സർഗാത്മകത തുടങ്ങിയവയിൽ ആഴത്തിലുള്ള കഴിവും ശേഷിയുമുണ്ടെങ്കിലേ അതിനു കഴിയൂ. കേരളത്തെ വിസ്മയിപ്പിക്കുന്ന ഈ ജീവചരിത്രം രചിക്കാൻ ഭാനുവിന് കഴിയട്ടേയെന്നും എം.കെ. സാനു പറഞ്ഞു.
പുരോഗമന കലാസാംഹിത്യ സംഘവും, തൃശൂരിലെ സാംസ്‌കാരിക സംഘടനകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡോ. പി.വി. കൃഷ്ണൻ നായർ അദ്ധ്യക്ഷനായി. നടൻ മധു മുഖ്യാതിഥിയായി. തേറമ്പിൽ രാമകൃഷ്ണനും കെ. രാധകൃഷ്ണനും ചേർന്ന് ഉപഹാരസമർപ്പണം നടത്തി. സംവിധായകൻ സത്യൻ അന്തിക്കാട് മുഖ്യപ്രഭാഷണം നടത്തി. സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ പ്രശസ്തി പത്രം സമർപ്പിച്ചു. നടൻ മോഹൻലാലിന്റെ സമഗ്ര ജീവചരിത്രപുസ്തകത്തിന്റെ ഭാഗമായി ഭാനു പ്രകാശ് എഴുതിയ ഭാവദശരഥം എന്ന പുസ്തകത്തിന്റെ പന്ത്രണ്ടാം പതിപ്പിന്റെ പ്രകാശനവും നടന്നു.

അശോകൻ ചരുവിൽ, കെ.ഇ.എൻ, ഡോ. കെ. ശ്രീകുമാർ, എം. തങ്കമണി, പെരുവനം കുട്ടൻ മാരാർ, കെ.പി. മോഹനൻ, പ്രഭാകരൻ പഴശി, ഡോ. സി. രാവുണ്ണി, വത്സല വാസുദേവപിള്ള, സി.എൽ. ജോസ്, കെ. പ്രഭാത്, ഇ.ടി. വർഗീസ്, എം.എൻ. വിനയകുമാർ എന്നിവർ സംസാരിച്ചു. ജ്യോതിദാസ് ഗുരുവായൂർ സോപാന സംഗീതം അവതരിപ്പിച്ചു. ജിജു അമ്പാടി സ്വാഗതവും, സതീഷ്‌കുമാർ ചേർപ്പ് നന്ദിയും പറഞ്ഞു. ഭാനുപ്രകാശ് മറുപടി പറഞ്ഞു.