തൃശൂർ: സ്‌കൂൾ തുറക്കാനിരിക്കേ, പൊതുവിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണികൾ ഇഴഞ്ഞു നീങ്ങുന്നത് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ആശങ്കയിലാഴ്ത്തുന്നു. അറ്റകുറ്റപ്പണി നടത്തുന്നത് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ വിഷയം ചർച്ചയ്ക്ക് വന്നുവെങ്കിലും നടപടി ഉണ്ടായില്ല. കഴിഞ്ഞ ആഴ്ചയാണ് ഇത് സംബന്ധിച്ച് ഡി.പി.ഐക്ക് കത്തയച്ചത്. ജൂൺ ആദ്യവാരത്തിൽ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷത്തെ അറ്റകുറ്റപ്പണികളുടെ ബില്ലുകൾ പോലും മുഴുവൻ പാസാക്കിയിട്ടില്ല. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 25ന് ശേഷം നൽകിയ ബില്ലുകൾ ഇപ്പോഴും കാത്തുകെട്ടികിടപ്പാണ്. ജില്ലയിലെ 125 പൊതുവിദ്യാലയങ്ങൾക്കായി ആകെ വകയിരുത്തിയത് 25 ലക്ഷം രൂപയാണ്. എന്നാൽ ഈ തുക തികയില്ലെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്. സമയബന്ധിതമായി ഒന്നും നടത്താതെ നിർമ്മാണം എപ്പോൾ പൂർത്തിയാക്കാനാകുമെന്ന ആശങ്കയിലാണ് സ്‌കൂൾ അധികൃതർ.

കൂടുതൽ തുക ആവശ്യമാണെങ്കിൽ നൽകുമെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതരുടെ നിലപാട്. ഡി.പി.ഐയുടെ അനുമതിക്ക് പിന്നാലെയാണ് അറ്റകുറ്റപണി നിർവഹണത്തിന് കരാർ നൽകുക. നിർമാണ പ്രവർത്തനത്തിന് സാങ്കേതിക അനുമതി അടക്കം ലഭിക്കണം. നിർമിതിക്കാണ് കരാർ നൽകുന്നതെങ്കിൽ കാര്യങ്ങൾ അവർക്ക് തന്നെ ചെയ്യാം. എങ്ങനെ വന്നാലും സ്‌കൂൾ തുറക്കുന്ന ജൂണിൽ ഇതുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവർത്തനം പോലും നടക്കാനിടയില്ല. സർക്കാർ എൽ.പി., യു.പി. സ്‌കൂളുകളുടെ അറ്റകുറ്റപ്പണി പഞ്ചായത്തുകളും ഹൈസ്‌കൂളുകളുടേത് ജില്ലാ പഞ്ചായത്തും മേൽനോട്ടം വഹിക്കുമ്പോൾ എയ്ഡഡ് സ്‌കൂളുകളിലേത് മാനേജർമാരാണ് ചെയ്യിക്കേണ്ടത്.

കഴിഞ്ഞവർഷവും വൈകി


കഴിഞ്ഞ അദ്ധ്യയന വർഷം നടത്തിയ അറ്റകുറ്റപ്പണികൾ അവസാനിച്ചത് സ്‌കൂൾ പൂട്ടിയതിന് പിന്നാലെ കഴിഞ്ഞ ഏപ്രിലിലാണ്. 1.80 കോടിയുടെ പദ്ധതി തുടങ്ങാൻ വൈകി. കഴിഞ്ഞ അദ്ധ്യയന വർഷത്തെ കാലതാമസത്തിന് മാറ്റം വരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് ഈ വർഷവും തയ്യാറായില്ല. സ്‌കൂൾ കെട്ടിടത്തിന്റെ ഫിറ്റ്‌നസ്, വൈദ്യുതി വിതരണം, കുടിവെള്ളമൊരുക്കൽ, മേൽക്കൂര, ശൗചാലയ നവീകരണം, പാചകപ്പുര നവീകരണം അടക്കമുള്ളവയാണ് നടക്കാനുള്ളത്. 13 നിയോജക മണ്ഡലങ്ങളിൽ രാജ്യാന്തര നിലവാരമുള്ള സ്‌കൂൾ ഒരുക്കുന്നതും ഇഴയുകയാണ്. കൂടുതൽ കുട്ടികൾ പഠിക്കുന്ന ജില്ലയിലെ 13 സർക്കാർ സ്‌കൂളുകൾ ഹൈടെക് സ്‌കൂളുകളായും മാറ്റുന്നുണ്ട്. മൂന്നു കോടി രൂപയാണ് ഇത്തരം സ്‌കൂളുകൾക്ക് നൽകുന്നത്. 31 സ്‌കൂളുകൾക്ക് ഒരു കോടി രൂപ വീതം നൽകിയുള്ള നവീകരണവും നടക്കേണ്ടതുണ്ട്.

അറ്റകുറ്റപ്പണി വേണ്ട സ്കൂളുകൾ:

58 ഹൈസ്‌കൂൾ

53 ഹയർ സെക്കൻഡറി സ്‌കൂൾ

14 വി.എച്ച്.എസ്.ഇ സ്‌കൂൾ