തൃശൂർ: ഇടതുമുന്നണി കൺവീനർ എ. വിജയരാഘവന്റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടിനെക്കുറിച്ച് വനിതാ കമ്മിഷൻ അദ്ധ്യക്ഷ ആത്മപരിശോധന നടത്തണമെന്ന് നിയുക്ത എം.പി. രമ്യ ഹരിദാസ്. പ്രസ് ക്ലബിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ഇതുവരെ വനിതാ കമ്മിഷൻ എന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. രണ്ടു മാസമായി കാത്തിരുന്നു. സ്റ്റേറ്റ്‌മെന്റ് എടുക്കാത്ത നിലപാടിനെകുറിച്ച് വനിതാ കമ്മിഷൻ സ്വയം വിലയിരുത്തണം.

സ്വമേധയാ കേസെടുത്ത നിലയ്ക്ക് സ്റ്റേറ്റ്‌മെന്റ് എടുക്കാൻ വരേണ്ടതായിരുന്നു. കേസെടുത്തുവെന്ന് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞതിനാലാണ് പരാതി കൊടുക്കാതിരുന്നത്. കമ്മിഷൻ രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണം. പരാമർശങ്ങൾ മാനസിക വേദന ഉണ്ടാക്കിയതിനാലാണ് കോടതിയെ സമീപിച്ചത്. ഇത്തരം വിഷയങ്ങളിൽ അവസാനത്തെ ഇര താനാകണമെന്നുള്ളതുകൊണ്ടാണ് കേസുമായി മുന്നോട്ടുപോകുന്നത്. ദീപ നിശാന്തും വിജയരാഘവനും നടത്തിയ പരാമർശങ്ങൾ ജനങ്ങൾ ഏറ്റെടുത്തു. എല്ലാവരും രമ്യ ജയിക്കണമെന്ന് ആഗ്രഹിച്ചു. ആലത്തൂരിലെ ജനങ്ങൾ ഇതിനെല്ലാം മറുപടിയും പറഞ്ഞു.
ശബരിമല വിഷയത്തിൽ പാർട്ടി നിലപാടിനൊപ്പമാണ് ഞാനും. എത്ര നാൾ കാത്തിരുന്നാലും ആചാരങ്ങൾ മുറുകെ പിടിച്ച് ശബരിമലയിൽ പോകാനാണ് താത്പര്യം. ശബരിമലയിൽ കയറുകയെന്നത് മാത്രമാകരുത് സ്ത്രീകളുടെ ലക്ഷ്യം. പല ക്ഷേത്രങ്ങളിലും താൻ പോകാറുണ്ട്. വിശ്വാസവും ആചാരവും സംരക്ഷിക്കപ്പെടണമെന്നാണ് തന്റെ നിലപാട്. ആലത്തൂരിലെ വികസന പ്രവർത്തനങ്ങളുമായി മണ്ഡലത്തിലുണ്ടാകും. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആലത്തൂരിൽ എത്തിയതിനുശേഷം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനാണ് പോയത്. ഉടൻ തന്നെ തിരിച്ചു വന്നു. ഇനി ഇന്ന് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ പോകും. എത്രയും പെട്ടന്ന് തിരിച്ചുവരും. ഇനിയുള്ള കാലം തന്റെ പ്രവർത്തനം ആലത്തൂർ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാകും. തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയപ്പോൾ തന്നെ പലരും നിവേദനങ്ങൾ തന്നിട്ടുണ്ട്. അതൊക്കെ പഠിച്ച ശേഷം നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കും.

 വിവാഹം
ആദിവാസികളുടെ ഇടയിൽ പ്രവർത്തനം കഴിഞ്ഞപ്പോൾ വിവാഹം കഴിക്കണമെന്ന് ചിന്തിച്ചതാണ്. അപ്പോഴാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്. എന്നാൽ അതു കഴിഞ്ഞ് വിവാഹം കഴിക്കാമെന്നു കരുതി. ഇപ്പോൾ ഇതാ എം.പിയായി മാറി. ഇനി എന്തായാലും അധികം കാത്തിരിക്കാനില്ല. എന്നെ അറിയുന്ന, എന്റെ പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കാൻ കഴിയുന്ന ഒരാളെ കിട്ടിയാൽ വിവാഹം ഉടൻ കഴിക്കുമെന്നും രമ്യ പറഞ്ഞു.