നിയമം പാലിക്കാത്ത ബസുകൾ വീണ്ടും പരിശോധനയ്ക്കെത്തണം
നിയമം തെറ്റിച്ചോടിയാൽ സ്‌കൂൾ അധികൃതർക്കെതിരെയും കേസ്
തൃശൂർ: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് നടത്തിയ സ്‌കൂൾ ബസുകളുടെ പരിശോധനയിൽ 114 എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. വകുപ്പ് നിർദ്ദേശിച്ച നിയമങ്ങൾ പാലിച്ച 521 ബസുകൾക്ക് പ്രി - മൺസൂൺ ചെക്ക്ഡ് എന്നെഴുതിയ സ്റ്റിക്കർ പതിച്ചു നൽകി.
തൃശൂർ, ഗുരുവായൂർ, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാലക്കുടി, തൃപ്രയാർ എന്നിവിടങ്ങളിലെ ടെസ്റ്റ് ഗ്രൗണ്ടുകളിൽ ഇന്നലെ 635 ബസുകളാണ് പരിശോധനയ്ക്കെത്തിയത്. കൊടുങ്ങല്ലൂരിൽ ചൊവ്വാഴ്ചയായിരുന്നു പരിശോധന. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ ബസുകളിൽ വീണ്ടും പരിശോധന നടത്തും. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് പിഴവുകൾ നികത്തിയില്ലെങ്കിൽ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്‌കൂൾ അധികൃതരെ പ്രതിയാക്കിയാണ് കേസെടുക്കുക.
2000ഓളം സ്‌കൂൾ ബസുകൾ ജില്ലയിൽ സർവീസ് നടത്തുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. മറ്റു ബസുകൾക്ക് ശനിയാഴ്ച വരെ പരിശോധനയ്ക്കെത്താൻ വകുപ്പ് സമയം നൽകിയിട്ടുണ്ട്. വേഗപ്പൂട്ട് മുതൽ ബസുകളുടെ പെയിന്റ് വരെ പരിശോധനയ്ക്ക് വിധേയമാക്കി. മഴക്കാലം ആരംഭിക്കുന്നതിനാൽ അപകടസാദ്ധ്യത ഒഴിവാക്കാൻ ചെറിയ ന്യൂനതയുള്ള ബസുകൾക്ക് പോലും സുരക്ഷാ സർട്ടിഫിക്കറ്റ് നൽകിയില്ല.
പരീക്ഷയെഴുതിയവരും
പാസായവരും തോറ്റവരും (ബ്രാക്കറ്റിൽ)
കൊടുങ്ങല്ലൂർ: 50 (5)
തൃശൂർ: 110 (18)
ഗുരുവായൂർ : 125 (22)
ചാലക്കുടി: 235 (42)
വടക്കാഞ്ചേരി: 14 (3)
ഇരിങ്ങാലക്കുട: 54 (4)
തൃപ്രയാർ: 46 (20)
പരിശോധനയിൽ കണ്ടത്...
1. ഫസ്റ്റ് എയ്ഡ് ബോക്‌സ്, തീപ്പിടുത്തമുണ്ടായാൽ അണയ്ക്കാനുള്ള സംവിധാനം എന്നിവ ചില ബസുകളിൽ ഉണ്ടായില്ല.
2. ചില ബസുകളുടെ ഫുട് ബോർഡ് പഴകിയതായിരുന്നു. മഴക്കാലത്ത് ഇവ കൂടുതൽ നശിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി.
3. തേയ്മാനം വന്ന ടയറുകൾ, വേഗപ്പൂട്ട് ഘടിപ്പിക്കാത്തവ, കാര്യക്ഷമതയില്ലാത്ത വേഗപ്പൂട്ടുകൾ, ജി.പി.എസ്. ഘടിപ്പിക്കാത്തവ എന്നീ ന്യൂനതകളുള്ള വാഹനങ്ങളും പരിശോധനക്കെത്തി.
ജി.പി.എസിന് ക്ഷാമം
മിക്ക ബസുകളിലെയും പ്രധാന പ്രശ്‌നം ജി.പി.എസ് ഘടിപ്പിക്കാത്തതായിരുന്നു. ആവശ്യത്തിന് നിലവാരമുള്ള ജി.പി.എസുകൾക്ക് മാർക്കറ്റിൽ ക്ഷാമമുള്ളതാണ് കാരണം. ചിലർ ജി.പി.എസ് ഘടിപ്പിച്ചെങ്കിലും ഇത് ടാഗ് ചെയ്യാൻ മറന്നവരെയും ഉദ്യോഗസ്ഥർ മടക്കി അയച്ചു.
വലിയ പിഴവുകളില്ല
മുൻവർഷങ്ങളെ അപേക്ഷിച്ച് പരിശോധനക്കെത്തിയ ബസുകളിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയില്ല. ശ്രദ്ധക്കുറവുകൊണ്ടോ നോട്ടപിശകുകൊണ്ടോ ഉണ്ടായ തകരാറുകളാണ് ഭൂരിഭാഗവും. വരും ദിവസങ്ങളിൽ പരിശോധനയിൽ പാസായി ബസുകൾക്ക് സ്റ്റിക്കർ പതിപ്പിക്കാൻ സൗകര്യമുണ്ട്.
- ബിനോയ് വർഗീസ് (എം.വി.ഐ, തൃശൂർ)