തൃപ്രയാർ: പ്ലസ് വൺ ഫലം വന്നപ്പോൾ ഹ്യൂമാനിറ്റീസ് പഠിച്ചു ഒരു മാർക്കു പോലും നഷ്ടപ്പെടുത്താതെ ആറു വിഷയത്തിലും നൂറു മാർക്കു വാങ്ങി അപൂർവ നേട്ടവുമായി കഴിമ്പ്രം വി.പി.എം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ ഗോപിക നന്ദന. 600ൽ 600 മാർക്കും നേടിയാണ് അഭിമാനനേട്ടം. മാനവിക വിഷയങ്ങളിൽ മുഴുവൻ മാർക്ക് നേടുക എന്നത് ഏറെ ശ്രമകരമായിട്ടും ഈ മിടുക്കി ഒറ്റ മാർക്കും കളഞ്ഞില്ല. അല്ലപറമ്പിൽ ഗിരീഷിന്റെയും രാജിയുടെയും മകളാണ് ഗോപിക.
പഠനത്തിൽ മാത്രമല്ല കലയിലും മികവ് പുലർത്തിയ ഈ മിടുക്കി ഈ വർഷത്തെ സംസ്ഥാന കലോത്സവത്തിൽ ഭരതനാട്യത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും പെൻസിൽ ഡ്രോയിംഗിൽ എ ഗ്രേഡും കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ വർഷം തുടർച്ചയായി ഏഴ് തവണ ഫാബ്രിക് പെയിന്റിംഗിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നിലനിറുത്തുന്ന ഗോപിക ഈ വർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ട് തവണ ജലച്ഛായത്തിനു സംസ്‌ഥാന തലത്തിൽ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഗോപിക പഠിപ്പിച്ച നൃത്തം സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും ഈ വർഷം ജില്ലയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തെ ഉപജില്ലാ കലോത്സവത്തിന്റെ ബ്രോഷറിനു തിരിച്ചെടുത്തത് ഗോപികയുടെ ചിത്രമായിരുന്നു. നൃത്ത അദ്ധ്യാപകനായ വലപ്പാട് ഗിരീഷ് മാഷിന്റെ പ്രിയ ശിഷ്യയായ ഗോപിക വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളെ നൃത്തം പരിശീലിപ്പിച്ചു വരുന്നു.